താന്ന്യം (തൃശൂർ): ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിനടുത്തു കണ്ണൻചിറയിലെ കനോലി കനാലിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാഥികളും സഹോദരങ്ങളുടെ മക്കളുമായ രണ്ടുപേർ മുങ്ങിമരിച്ചു. വലപ്പാട് മായ കോളജിലെ ബികോം ബിരുദ വിദ്യാർഥികളായ ചാവക്കാട് തെക്കഞ്ചേരി കളത്തിൽ ഗോപിയുടെ മകൻ ഗോവിന്ദ് (17), കളത്തിൽ ശശിയുടെ ഏകമകൻ ഋഷികേശ് (17) എന്നിവരാണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു സംഭവം. ഏകാദശി ആഘോഷിക്കാൻ ഇവരുൾപ്പടെ ആറു വിദ്യാർഥികൾ പൈനൂരിലെ കൂട്ടുകാരൻ സനിലിന്റെ വീട്ടിൽ എത്തിയിരുന്നു. ഉച്ചഭക്ഷണത്തിനുമുമ്പേ ഇവർ കണ്ണൻചിറയിലെത്തി. ഒരാളൊഴികെ മറ്റ് ആറു വിദ്യാർഥികളും കുളിക്കാനിറങ്ങി. ഇവരിൽ രണ്ടുപേരെ പുഴയിൽ കാണാതാവുകയായിരുന്നു.
സമീപത്തു സഹായത്തിന് ആരുമുണ്ടായിരുന്നില്ല. മറ്റു വിദ്യാർഥികൾ കുറച്ചകലെ ഓടിയെത്തി നാട്ടുകാരായ യുവാക്കളോടു വിവരം പറയുകയായിരുന്നു. ഇവരെത്തി പുഴയിൽ തെരച്ചിൽ നടത്തി. വഞ്ചികളിറക്കി ഒരു മണിക്കൂറോളം തെരച്ചിൽ നടത്തിയശേഷം വിദ്യാർഥികൾ കുളിക്കാനിറങ്ങിയതിനടുത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തി.
വീണ്ടും തെരച്ചിൽ നടത്തിയപ്പോൾ പരിസരത്തുനിന്നു രണ്ടാമത്തെയാളുടെ മൃതദേഹവും കിട്ടി. മുഖം മണ്ണിൽ പൂഴ്ന്ന നിലയിലായിരുന്നു. തുടർന്നു തൃപ്രയാർ സുരക്ഷാ പ്രവർത്തകർ മൃതദേഹങ്ങൾ വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.
ഗോവിന്ദിന്റെ അമ്മ ലജിത. സഹോദരൻ: ഗോകുൽ. ഋഷികേശിന്റെ അമ്മ സജിനി. ഇരുവരുടേയും സംസ്കാരം ഇന്നുച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. ഗോപി തയ്യൽതൊഴിലാളിയും ശശി ഓട്ടോ ഡ്രൈവറുമാണ്. തൃപ്രയാർ ഫയർഫോഴ്സിലെ രണ്ടു യൂണിറ്റ് വാഹനങ്ങളും അന്തിക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു.