ഇടുക്കി: ഏലപ്പാറ കൊച്ചുകരിന്തരുവി പുഴയിലെ വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം നിബിന് മന്‍സിലില്‍ ഫസിലിന്റെ മകന് നിബിന്റെ (20) മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്.
വിനോദ സഞ്ചാര സംഘത്തോടൊപ്പം ഗവി സന്ദര്‍ശിച്ചതിനു ശേഷമാണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ സംഘം ഇവിടെയെത്തിയത്. പുഴയില്‍ കുളിക്കാനിറങ്ങിയ നിബിനും അനുജന് നിതിനും കയത്തിലെ ആഴത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു.
നിലവിളി കേട്ടെത്തിയ സമീപവാസിയായ വെട്ടുകല്ലാംകുഴി ടോമി നിബിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. പിന്നീട് നിതിനെ രക്ഷിക്കുന്നതിനിടയില്‍ നിബിന് വീണ്ടും കാല് വഴുതി ആഴക്കയത്തിലേക്ക് വീഴുകയായിരുന്നു.
പീരുമേട്ടില്‍ നിന്നെത്തിയ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സംഘവും പോലീസും നാട്ടുകാരും ചേര്‍ന്ന് രാത്രി വൈകിയും നിബിനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വെളിച്ചക്കുറവും മഴയും മൂലം രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വച്ചു. ഇന്ന് രാവിലെ ഈരാറ്റുപേട്ടയില്‍ നിന്നുള്ള എമര്‍ജന്‍സി നന്മക്കൂട്ടം പ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.