ഹരിപ്പാട് :കായംകുളം കായലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചിങ്ങോലി അമ്പാടി നിവാസിൽ കൃഷ്ണകാന്തിന്റെ മകൻ ഗൗതം കൃഷ്ണ(14)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ ആറുമണിയോടെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു.രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
മഹാദേവികാട് പാരൂർ പറമ്പിൽ പരേതനായ പ്രദീപ്കുമാറിനന്റെ മകൻ ദേവപ്രദീപ് (14), ചിങ്ങോലി ലക്ഷ്മി നാരായണത്തിൽ അശ്വനി മോഹനനന്റെ മകൻ വിഷ്ണു നാരായണൻ (14) എന്നിവരാണ് മരിച്ചത്.
ചൂളത്തെരുവിന് പടിഞ്ഞാറ് കായംകുളം കായലിൽ എന്‍ടിപിസിക്ക് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. കായംകുളം ചൂളതെരുവിൽ എൻടിപിസിയുടെ സോളാർ പാനൽ കാണാൻ എത്തിയതാണ് വിദ്യാര്‍ഥികള്‍. പിന്നീട് കായലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
കായംകുളത്തുനിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി 9 30 ഓടെയാണ് രണ്ട് പേരുടെയും മൃതദേഹം കിട്ടിയത്.
ഗൗതമിനായി ഏറെ വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇന്ന് രാവിലെ മുങ്ങൽ വിദഗ്ധരുമായി തെരച്ചിൽ നടത്താൻ ഇരിക്കെയാണ് മത്സ്യബന്ധനത്തിന് പോയവരുടെ വലയിൽ മൃതദേഹം കുടുങ്ങിയത്.
മരിച്ച മൂന്നുപേരും എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ്. ദേവപ്രദീപ് കാർത്തികപ്പള്ളി സെന്റ് തോമസ് സ്കൂളിലെ വിദ്യാർഥിയും വിഷ്ണുവും ഗൗതം കൃഷ്ണനും ചേപ്പാട് സി കെ എച്ച് എസിലെ വിദ്യാർഥികളുമാണ്. ദേവപ്രദീപിന്റെ അമ്മ:രേഖ(ഹെഡ് നഴ്സ് തൃക്കുന്നപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം ) സഹോദരൻ :ആദി പ്രദീപ്.വിഷ്ണു നാരായണന്റെ അമ്മ: ബിജി. സഹോദരി:ലക്ഷ്മി. ഗൗതം കൃഷ്ണയുടെ അമ്മ :ഗംഗ.
മൂവരുടെയും മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ പോസ്റ്റുമോർട്ടതിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.