കൊയിലാണ്ടി(കോഴിക്കോട്): വയനാട് കല്പ്പറ്റയില്നിന്നെത്തിയ വിനോദയാത്രാ സംഘത്തിലെ രണ്ടു യുവതികളടക്കം നാലു പേർ തിക്കോടി കല്ലകത്ത് ബീച്ചില്‍ മുങ്ങി മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ അഞ്ചുകുന്ന് പാടശേരി അനീസ (35), കല്‍പ്പറ്റ ആമ്പിലേരി നെല്ലിയാംപാടം വാണി (32), ഗുഡ്ലായികുന്ന് പിണങ്ങോട്ട് കാഞ്ഞിരക്കുന്നത്ത്, ഫൈസല്‍ (35) ഗുഡലായിക്കുന്ന് നടുക്കുന്നില്‍ ബിനീഷ് കുമാര്‍ (41) എന്നിവരാണ് മരിച്ചത്.
കല്‍പ്പറ്റയില്‍ ജിംനേഷ്യത്തില്‍ വര്‍ക്കൗട്ട് ചെയ്യുന്ന 26 പേരടങ്ങിയ സംഘമാണ് ഒരുമിച്ച് ഞായറാഴ്ച രാവിലെ വിനോദയാത്ര പുറപ്പെട്ടത്. അകലാപ്പുഴയില്‍ ബോട്ട് റൈഡിംഗ് കഴിഞ്ഞശേഷം വൈകുന്നേരം അഞ്ചോടെ സംഘം തിക്കോടിയിലെത്തി. ഇതിൽ അഞ്ച് പേര് കടലില്‍ ഇറങ്ങുകയും ശക്തമായ തിരയില്‍ പെടുകയുമായിരുന്നു.
കടലിലിറങ്ങരുതെന്ന് നാട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് തിരിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കില്‍പെട്ടത്. ഇവരിൽ ജിന്‍സി എന്ന യുവതിയെ ഉടനെതന്നെ കരയ്ക്കെത്തിച്ചു. മറ്റുള്ളവരെ ഏറെ പണിപ്പെട്ട് മല്‍സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് കരയ്ക്കെത്തിച്ചങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
മൃതദേഹങ്ങൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചശേഷം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സംഭവമറിഞ്ഞ് കാനത്തില്‍ ജമീല എംഎല്‍എ. ഡിവൈഎസ്പി ഹരി പ്രസാദ്, കൊയിലാണ്ടി സിഐ ശ്രീലാല്‍ ചന്ദ്രശേഖരന് എന്നിവര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. തിക്കോടി ബീച്ചില്‍ ഞായറാഴ്ചകളില്‍ വന്‍ തിരക്കാണുണ്ടാകാറുള്ളത്.
വിവിധ സ്ഥലങ്ങളില്‍നിന്നായി നിരവധി പേരാണ് ബീച്ചിലെത്തുന്നത്.എന്നാല്‍ ഇവിടെയാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്തത് അപകടം ക്ഷണിച്ചുവരുത്തുന്നു.