ആലുവ: മാർത്താണ്ഡവർമ്മ പാലത്തിൽനിന്ന് ആറു വയസുകാരിയായ മകളെ എറിഞ്ഞശേഷം പെരിയാറിലേക്ക് ചാടിയ പിതാവും മരിച്ചു.
ചെങ്ങമനാട് പുതുവാശേരി മല്ലിശേരി വീട്ടിൽ ചന്ദ്രന്റെ മകൻ ലൈജു (43), മകൾ ആര്യനന്ദ (ആറ്) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തോടെയാണ് ബൈക്കിൽ പാലത്തിന് സമീപമെത്തി പാർക്ക് ചെയ്ത ശേഷം യാത്രക്കാർ നോക്കി നിൽക്കെ മകളെ പാലത്തിന്റെ കൈവരിക്ക് മുകളിലൂടെ പെരിയാറിലേക്ക് എറിഞ്ഞത്.
കാൽനട യാത്രക്കാരായ സ്ത്രീകൾ ഒച്ചവച്ചെങ്കിലും ലൈജുവും പിന്നാലെ ചാടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
ആലുവ ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെ പോസ്റ്റ്മാർട്ടത്തിന് ശേഷം 11ന് യുസി കോളജ് ശ്മശാനത്തിൽ ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിക്കും.
വിദേശത്തായിരുന്ന ലൈജുവിന്റെ ഭാര്യ സവിത ഇന്നലെ രാവിലെ 11 ഓടെ വീട്ടിലെത്താനിരിക്കെയായിരുന്നു സംഭവം.
ഫാമിലി വാട്ട്സാപ്പ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും എല്ലാവരും ക്ഷമിക്കണമെന്നും അഭ്യർഥിച്ച് ലൈജു പോസ്റ്റിട്ടിരുന്നു.
അത്താണിയിലെ സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ആര്യനന്ദയെ യൂണിഫോം ധരിപ്പിച്ച ശേഷമാണ് ബൈക്കിൽ ലൈജു ആലുവയിലെത്തിയത്.
സംഭവമറിഞ്ഞത്തിയ ആലുവ പോലീസും അഗ്നിശമന സേനയും ഉളിയന്നൂരിൽ നിന്നെത്തിയ നീന്തൽ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ലൈജുവിന്റെയും അഞ്ചരയോടെ മാർക്കറ്റിനടുത്ത് നിന്ന് ആര്യനന്ദയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
പുതുവാശേരി എസ്എൻഡിപി ബിൽഡിംഗിൽ പ്ലംബിംഗ്-ഇലക്ട്രിക്കൽ സാധനങ്ങളുടെ മൊത്തവിതരണ സ്ഥാപനം നടത്തുകയായിരുന്നു ലൈജു. സാമ്പത്തിക പ്രശ്നങ്ങളുള്ളതായി സൂചനയുണ്ട്. മാതാവ്: ശാന്ത. ഭാര്യ: സവിത. മകൻ :അഭയ് ദേവ് (അഞ്ചാം ക്ലാസ്).