സീതത്തോട്: ദുരൂഹ സാഹചര്യത്തിൽ തലയ്ക്കു മുറിവേറ്റ യുവാവിനെ കക്കാട്ടാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുമെന്ന് പോലീസ്. സീതത്തോട് സീതക്കുഴി മാങ്കാലായിൽ അനുവിന്റെ മകൻ മാത്യു ജോസഫിനെയാണ് (അജി – 29) ഇന്നലെ കക്കാട്ടാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മാത്യു ജോസഫിന്റെ തലയ്ക്കേറ്റ മുറിവാണ് ദുരൂഹതയുളവാക്കുന്നത്. ഇതൊരു കൊലപാതകമാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തലയ്ക്കു മുറിവുണ്ടായിരുന്നെങ്കിലും നദിയിലിറങ്ങിയ മാത്യു ജോസഫിനെ മുങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെ എട്ടോടെ സീതത്തോട് മാർക്കിലെ മാലിന്യ സംസ്കരണ പ്ലാന്റിനോടു ചേർന്ന റോഡിലാണ് തലയ്ക്കു മുറിവേറ്റ നിലയിൽ മാത്യു ജോസഫിനെ കാണുന്നത്. ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഓടിക്കൂടിയവർ ശ്രമിച്ചപ്പോഴേക്കും റോഡിൽ നിന്ന് എഴുന്നേറ്റ മാത്യു ജോസഫ് കക്കാട്ടാറ്റിലേക്ക് പവർഹൗസ് കടവിൽ വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു.
സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങൾ സ്ഥലവാസികളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലേന്നു രാത്രി 11 ഓടെ ബ്ലോക്ക് പഞ്ചായത്തംഗം ഷാനു സലിമിന്റെ വീട്ടിൽ മാത്യു എത്തിയിരുന്നു. തന്നെ ആരോ ആക്രമിക്കാൻ പിന്നാലെ ഉണ്ടെന്നും ഭയമാണെന്നും പറഞ്ഞാണ് ഷാനുവിനെ കണ്ടത്.
മാത്യുവിനെ രാത്രിയിൽ തന്നെ ഷാനു ഇയാളുടെ സഹോദരനെ എല്പിച്ചിരുന്നു. പിന്നീട് പുലർച്ചെയാണ് മാത്യു വീടു വിട്ടിറങ്ങിയതെന്നു പറയുന്നു. തുടർന്നാണ് മാലിന്യപ്ലാന്റിനു സമീപം മുറിവേറ്റ നിലയിൽ കണ്ടത്.മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം ഇന്ന് രണ്ടിന് സീതത്തോട് സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ. മാതാവ്: പരേതയായ ഓമന.