കോട്ടയം: ഈരാറ്റുപേട്ട മൂന്നിലവിനു സമീപം കത്തിക്കയത്ത് രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. ചേർത്തല തണ്ണീർമുക്കം സ്വദേശികളായ ശ്യാം അശോക് (25), റോജിൻ ജോബി (25) എന്നിവരാണു മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് സംഭവമുണ്ടായത്.
രണ്ടു ബൈക്കുകളിലായാണ് ശ്യാം, റോജിൻ, വിൻസെന്റ് എന്നി മൂന്നു യുവാക്കൾ മൂന്നിലവിൽ എത്തിയത്. തുടർന്നു ശ്യാമും റോജിയും കത്തിക്കയത്തിലെ വെള്ളത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന വിൻസെന്റ് വെള്ളത്തിലിറങ്ങിയിരുന്നില്ല. കുറച്ചു സമയത്തിനുശേഷം മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന വിൻസെന്റ് കാണുന്നതു ശ്യാമും റോജിനും ഒഴുക്കിൽപ്പെട്ടു മുങ്ങിതാഴുന്നതാണ്.
ഇതോടെവിൻസെന്റ് നിലവിളിച്ചു കൊണ്ടു നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു. തുടർന്നു സ്ഥലത്തെത്തിയ പ്രദേശവാസികൾ ചേർന്നാണു ശ്യാമിന്റെ മൃതദേഹം മുങ്ങിയെടുക്കുകയായിരുന്നു. വെള്ളത്തിൽ നിന്നും രക്ഷപ്പെടുത്തുന്പോൾ റോജിനു ജീവനുണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലേക്കു യാത്രമധ്യേ മരണം സംഭവിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ. മേലുകാവ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.