പത്തനംതിട്ട: ജില്ലയിലെ പ്രധാന നദികളിലും ജലാശയങ്ങളിലും അപകടത്തിൽപെടുന്നവരുടെ എണ്ണം പ്രതിദിനം ഏറിയെങ്കിലും ബന്ധപ്പെട്ട വകുപ്പുകൾ നിസംഗതയിൽ. ഇന്നലെ മാത്രം മൂന്നുപേരാണ് വെള്ളത്തിൽ വീണ് അപകടത്തിൽപെട്ടത്.തിരുവല്ല മനയ്ക്കച്ചിറയിൽ മണിമലയാറ്റിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. സീതത്തോട് കക്കാട്ടാറ്റിൽ മറ്റൊരാളെ കാണാതായി. ഗുരുതരമായ സ്ഥിതിവിശേഷം ജില്ലയിലെ നദികളിലടക്കം തുടരുകയാണ്.
പ്രളയത്തേ തുടർന്നുണ്ടായ സാഹചര്യമാണ് ഇത്തരത്തിൽ അപകടങ്ങൾ വർധിക്കാൻ കാരണമെന്നു പറയുന്നു.ജില്ലയിലെ ജലാശയങ്ങളില്‍ കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ കഴിഞ്ഞ ഇന്നലെ വരെ 31 പേർ മുങ്ങിമരിച്ചിട്ടുണ്ട്. നദികളിൽ മുൻപരിചയമില്ലാതെ ഇറങ്ങുന്നവരാണ് ഏറെയും അപകടത്തിൽപെടുന്നത്.
ആഴം കുറവാണെന്നു തോന്നുമെങ്കിലും പല ഭാഗങ്ങളിലും ചെളി നിറഞ്ഞു കിടക്കുന്നതിനാൽ കാൽകുത്തുന്ന ഭാഗം വേഗത്തിൽ താഴുന്നതാണ് അപകടത്തിനു കാരണം. ഇത്തരത്തിൽ വെള്ളത്തിൽ ചവിട്ടുന്നതോടെ അപകടങ്ങളുണ്ടാകുന്നു. യുവാക്കളും കുട്ടികളുമാണ് മരിച്ചവരിൽ ഏറെയും.
അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ദുരന്തം സംഭവിച്ചവരുമുണ്ട്. പന്പ, മണിമല, കക്കാട്ടാറ് എന്നിവയിലാണ് ഇത്തവണ അപകടങ്ങളേയുമുണ്ടായത്. പ്രളയത്തിനുശേഷം നദിയിൽ ഒഴുക്ക് ശക്തിപ്പെടാത്തതിനാൽ ഒഴുകിയെത്തിയ ചെളി പലയിടങ്ങളിലും അടിഞ്ഞിട്ടുണ്ട്. ഇത് ആഴം കുറച്ചുവെങ്കിലും വെള്ളത്തിലേക്ക് വേഗത്തിൽ വീഴാൻ കാരണമാകുന്നുണ്ട്.
അടിയൊഴുക്കും ശക്തിപ്പെട്ടിട്ടുണ്ട്. അപകടനില മനസിലാക്കാതെ പലരും വെള്ളത്തിലേക്ക് വീഴുന്നു. കാലവർഷം ശക്തിപ്പെടാത്തതിനാൽ നദീ ജലം പല മേഖലകളിലും ഉപയോഗിച്ചുവരുന്നുണ്ട്. വിദൂരങ്ങളിൽ നിന്നെത്തി നദിയിൽ കുളിക്കുകയും വസ്ത്രങ്ങൾ അലക്കുകയും ചെയ്യുന്നവരുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ അപകട സാധ്യതയുള്ളജലാശയങ്ങളിലും കുളിക്കടവുകളിലും സൂചനാ ബോര്‍ഡുകള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം സ്ഥാപിക്കണമെന്ന നിർദേശം സർക്കാർ നൽകിയിരുന്നു. കഴിഞ്ഞ ശബരിമല തീർഥാടനകാലത്തിനു മുന്‍പായി ബോർഡ് സ്ഥാപിക്കാനാണ് നിർദേശിച്ചത്.
എന്നാൽ ഇതേവരെയും ഇതിനു നടപടി ആകാത്തത് അതീവ ഗൗരവമായി കാണുന്നതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് കഴിഞ്ഞദിവസം ബന്ധപ്പെട്ട അവലോകനയോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ജില്ലയിലെ എല്ലാ ജലാശയങ്ങളിലും കുളിക്കടവുകളിലും അപായസൂചനാ ബോര്‍ഡുകള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തിരമായി സ്ഥാപിക്കുന്നതിന് എല്ലാ ഗ്രാമപഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍ക്കും ജില്ലാ കളക്ടര്‍ വീണ്ടും നിർദേശം നൽകിയിട്ടുണ്ട്.