ഏറ്റുമാനൂർ: മീനച്ചിലാറ്റിലെ ഒഴുക്കിൽപ്പെട്ടെന്നു കരുതുന്ന ഗൃഹനാഥനായി ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ ആരംഭിച്ചു. അതിരന്പുഴ മുണ്ടകപ്പാടം ഗോവിന്ദപുരത്ത് ശശിധരൻ പിള്ള (68)യേയാണ് ഇന്നലെ രാത്രിയോടെ കാണാതായത്. പേരൂർ പൂവത്തുംമൂട് പാലത്തിന് സമീപമുള്ള കടവിൽ വച്ച് കാണാതാവുകയായിരുന്നു. ആറ്റിലെ ശക്തമായ ഒഴുക്കിൽപ്പെട്ടെന്നാണ് കരുതുന്നത്.
കടവിൽ ഇയാളുടെ വസ്ത്രങ്ങളും ചെരുപ്പും വാച്ചും കണ്ണടയും നാട്ടുകാർ കണ്ടെത്തി. ഇക്കാര്യം ഏറ്റുമാനൂർ പോലീസിൽ വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി സാധനങ്ങൾ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതേ സമയത്ത് ശശിധരൻപിള്ളയെ കാണാനില്ല എന്ന പരാതിയുമായി വീട്ടുകാരും സ്റ്റേഷനിൽ എത്തിയിരുന്നു.
തുടർന്ന് പോലിസ് ഇയാളുടെ വസ്തുക്കൾ കാണിച്ചപ്പോൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിൽ ആറ്റിൽ ശക്തമായ ഒഴുക്കാണ്. കോട്ടയത്ത് നിന്നും ഫയർ ഫോഴ്സ് സംഘമെത്തി തെരച്ചിൽ ആരംഭിച്ചു.
ജീവനൊടുക്കാനുള്ള സാധ്യത ഇല്ലെന്നും അതിനു തക്കതായ കാരണങ്ങൾ വീട്ടിൽ ഇല്ലായിരുന്നുവെന്നും ഏറ്റുമാനൂർ പോലീസ് പറഞ്ഞു. എന്നാൽ ഇയാളെ കിഡ്നി സംബന്ധമായ അസുഖം അലട്ടിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.