മുളങ്കുന്നത്തുകാവ് (തൃശൂർ): മീൻ പിടിക്കാൻ പോയ ബന്ധുക്കളായ രണ്ട് യുവാക്കൾ ആൾമറയില്ലാത്ത കിണറ്റിൽ വീണു മരിച്ചനിലയിൽ. മൃതദേഹങ്ങൾ കണ്ടെത്തിയതു മണിക്കൂറുകൾക്കുശേഷം. പെരിങ്ങണ്ടൂർ രാമൻകുളങ്ങര വീട്ടിൽ ശ്രീനിവാസന്റെ മകൻ ശ്രീജിത്ത് (21), രാമൻകുളങ്ങര വീട്ടിൽ സന്തോഷിന്റെ മകൻ സൂരജ്(19) എന്നിവരാണ് മരിച്ചത്. പെരിങ്ങണ്ടൂരിലെ ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിലാണ് രണ്ടു പേരെയും മരിച്ചനിലയിൽ കണ്ടത്.
സാധാരണ സുഹൃത്തുക്കളായ പത്തോളം പേർ ചേർന്ന് ഇവരുടെ ഒരു ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ കുളത്തിലും കിണറ്റിലും മീൻ പിടിക്കാൻ പോകാറുണ്ട്. ഇന്നലെ രാവിലെ പത്തുമണിയോടുകൂടി മറ്റു സുഹൃത്തുക്കൾ ഇല്ലാതെ ചൂണ്ടയുമായി പോകുന്നതു തൊട്ടടുത്ത സ്ഥലം ഉടമയായ പല്ലിക്കാട്ടിൽ ഗോപാലൻ കണ്ടിരുന്നു.
വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന കുളത്തിലുണ്ടായിരുന്ന മീൻ എല്ലാം അന്യസംസ്ഥാന തൊഴിലാളികൾ പിടിച്ചുകൊണ്ടുപോയെന്നു ഗോപാലൻ ഇവരോട് അപ്പോൾ പറഞ്ഞിരുന്നു. അല്പം മാറിയുള്ള തോട്ടിൽ ധാരാളം മീനുണ്ടെന്നു പറഞ്ഞ് ഗോപാലൻ വീട്ടിലേക്കു പോയി.
ബൈക്കിൽ എത്തിയ യുവാക്കൾ ഗോപാലന്റെ വീട്ടിലാണ് ബൈക്ക് വച്ചിരുന്നത്. നേരം ഒരുപാടു കഴിഞ്ഞിട്ടും ഇവർ തിരികെ വന്നില്ല. അയൽവാസിയായ മറ്റൊരു യുവാവ് മീൻ പിടിക്കാൻ എത്തിയപ്പോൾ കിണറിനുസമീപം മൊബൈലും ചെരിപ്പും കിടക്കുന്നതു ശ്രദ്ധയിൽപെട്ടു. കിണറ്റിൽ ചൂണ്ട കിടക്കുന്നതു കണ്ടെങ്കിലും ആരെങ്കിലും കിണറ്റിൽ വീണതാവുമെന്ന് ഇയാൾ കരുതിയില്ല.
എന്നാൽ, ശ്രീജിത്തിന്റെ മൊബൈൽ ബെൽ അടിക്കുന്നതു ശ്രദ്ധയിൽപെട്ട യുവാവ് ഇവരെ അന്വേഷിച്ചു കാടുപിടിച്ചുകിടക്കുന്ന ഒഴിഞ്ഞ പറമ്പിന്റെ പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് കൂടുതൽ ആളുകൾ എത്തി പരിശോധിച്ചപ്പോഴാണ് യുവാക്കൾ ആൾമറയില്ലാത്ത കിണറ്റിൽ വീണതായി സൂചന ലഭിച്ചത്. തുടർന്നു പോലീസിനെ വിവരമറിയിക്കുകയായിരുന്നു.