ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ പള്ളിയോടത്തിൽനിന്നും പന്പാനദിയിലേക്കു വീണ സ്കൂൾ അധ്യാപകൻ മരിച്ചു. കുറിയന്നൂർ മാർത്തോമ്മ ഹൈസ്കൂൾ അധ്യാപകൻ തോട്ടത്തുമഠത്തിൽ തോമസ് ജോസഫാണ് (സണ്ണി -55 ) മരിച്ചത്.
കുറിയന്നൂർ പള്ളിയോടത്തിന്റെ അട നയന്പ് പിടിച്ചിരുന്നത് തോമസ് ജോസഫാണ്. പള്ളിയോടം ആറന്മുളയിലെത്തി ക്ഷേത്രക്കടവിൽ ചുറ്റിത്തിരിയുന്നതിനിടെയാണ് ഇദ്ദേഹം പന്പാനദിയിലേക്കു വീണത്.
ദേഹാസ്വാസ്ഥ്യത്തേത്തുടർന്നാണ് നദിയിലേക്കു വീണതെന്നു കരുതുന്നു. അപകടത്തേത്തുടർന്ന് ഫയർഫോഴ്സും പള്ളിയോടത്തിലെത്തിയവരും തെരച്ചിൽ തുടങ്ങിയെങ്കിലും സത്രക്കടവിൽനിന്നും ഉച്ചയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
മൃതദേഹം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം പിന്നീട്.
ഭാര്യ: ആശ ജേക്കബ് (ഡെപ്യൂട്ടി ജനറൽ മാനേജർ, തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്). മക്കൾ:അശ്വിൻ, അനീഷ (ഇരുവരും വിദ്യാർഥികൾ).