തൊടുപുഴ: ക്രിസ്മസ് ആഘോഷത്തിനിടെ രണ്ടു യുവാക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു.പൈങ്ങോട്ടൂര്‍ വാഴക്കാല ഒറ്റപ്ലാക്കല്‍ ഐസക്ക് ജോണിന്റെ (ഷിജു) വിന്റെ മകന് മോസസ് ഐസക് (17), ചീങ്കല്‍സിറ്റി താന്നിവിള സാജന്റെ മകന് ബ്ലസണ്‍ സാജന് (25) എന്നിവരാണ് മരിച്ചത്.
തൊമ്മന്‍കുത്ത് മുസ്ലീം പള്ളിക്ക് സമീപം വട്ടക്കയം കടവിലായിരുന്നു അപകടം. തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങും വഴി കടവില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.
സംഘത്തില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ ഇരുവരും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയെ രക്ഷിച്ചെങ്കിലും മോസസും ബ്ലസനും മുങ്ങിത്താഴുകയായിരുന്നു.
ഇരുവരുടെയും മാതാപിതാക്കള്‍ ഉള്‍പ്പെടെ ബന്ധുക്കളുടെ കണ് മുന്നില്‍വച്ചായിരുന്നു അപകടം. ബന്ധുക്കളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഉടന്‍ തന്നെ വണ്ണപ്പുറത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സ്ഥല പരിചയമില്ലാത്തവര്‍ വന്നാല്‍ കുഴിയുടെ ആഴവും മറ്റും അറിയാതെ അപകടത്തില്‍പ്പെടുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്നു രാവിലെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
വണ്ണപ്പുറം എസ്എന്‍വിഎച്ച്എസ്എസില്‍ പൊതു ദര്‍ശനത്തിനു ശേഷം ചാത്തമറ്റം ദെവസഭാ സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കും, ബയോടെക് എന്‍ജിനിയറായിരുന്നു ബ്ലസണ്‍. മാതാവ് റീന. സഹോദരങ്ങള്‍ ഗോഡ്സണ്‍, ഗോസിയ. തൊടുപുഴയിലെ സ്വകാര്യ കോളജില്‍ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു മോസസ്. മാതാവ് ഷൈബി. സഹോദരി ഡോമ.