ആലപ്പുഴ: ആറ്റിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ തുന്പോളി വാർഡിൽ സരസ്വതി ഭവനിൽ ശിവാനന്ദന്റെ മകൻ ശരത്തി (21)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 8.45 ഓടെ കണ്ടെത്തിയത്. നെടുമുടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഇന്നലെ രാവിലെ വിവാഹത്തിനെത്തിയ ശരത് വൈകുന്നേരം 8.15 ഓടെ ആറ്റിൽ കുളിക്കാനിറങ്ങുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും ആളെ കാണാതിരുന്നതിനെത്തുടർന്ന് കരയിൽ നിന്നിരുന്ന സഹോദരിയും ഭർത്താവും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതേ വീട്ടിൽ വിവാഹത്തിനെത്തിയ ഒരാൾ കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ ചെട്ടികാട് സ്വദേശി സോമൻ ദാമോധരൻ (60) ആണ് മരിച്ചത്. പ്രമേഹ രോഗിയാണ് ഇദ്ദേഹമെന്ന് പോലീസ് അറിയിച്ചു.