പത്തനംതിട്ട: പന്പ ജലസേചന പദ്ധതിയുടെ കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. നാരങ്ങാനം രാജീവ് ഗാന്ധി കോളനിക്കു സമീപം ഇന്നലെ രാത്രിയാണ് സംഭവം. നാരങ്ങാനം വട്ടക്കാവ് ഇടശേരിൽ അനീഷ് (28), തെക്കേതിൽ ജിബിൻ ചെറിയാൻ (26) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 8.30 ഓടെ കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു.
ഇന്നലെ രാവിലെ മുതൽ കനാലിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇതറിയാതെ വെള്ളത്തിലേക്ക് ഇറങ്ങിയ യുവാക്കൾ അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് പറയുന്നു. ഒപ്പമുണ്ടായിരുന്ന ചരിവുപുരയിടത്തിൽ സുനിൽ നീന്തിരക്ഷപ്പെട്ടു. സുനിൽ അറിയിച്ചതനുസരിച്ച് രാത്രിയിൽ തന്നെ ഇടതുകര കനാലിലൂടെ വെള്ളം ഒഴുക്ക് തടഞ്ഞ് ഫയർഫോഴ്സും പോലീസും നാട്ടുകാരും തെരച്ചിൽ തുടങ്ങിയെങ്കിലും പുലർച്ചെ 2.30ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.