നാദാപുരം: നജാദിന്റെ ധീരതയില്‍ പതിനൊന്നുകാരന് ജീവന് തിരിച്ചുകിട്ടി. ജാതിയേരി ചേരിപുഴയില് കൂട്ടുകാരോടൊപ്പം കുളിച്ചു കൊണ്ടിരിക്കെ കയത്തില്‍ അകപെട്ടു പോയ ആറാം ക്ലാസുകാരനായ ജാതിയേരി സ്വദേശി കല്ലുവീട്ടില്‍ കെ. വി. മുഹമ്മദിനെയാണ് നജാദ് സാഹസികമായി രക്ഷപ്പെടുത്തിയത്.
വളയം ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് നജാദ്. വാണിമേല്‍ പുഴയുടെ ഭാഗമായ ചേരിപുഴയില് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് മുന്‍ വര്‍ഷങ്ങളില്‍ മുങ്ങി മരിച്ചിരുന്നു. അതേ സ്ഥലത്താണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്.
ഒപ്പമുള്ള കുട്ടികള്‍ ഒന്നും ചെയ്യാന്‍ കഴിയാതെ നിസ്സഹരായി നിലവിളിച്ചു കരയുന്നത് കേട്ട നജാദ് ഓടി വന്ന് വെള്ളത്തിലേക്ക് എടുത്തു ചാടുകയും മുങ്ങിപ്പോയ കുട്ടിയെ വെള്ളത്തിനടിയില്‍ നിന്നും പൊക്കിയെടുത്ത് കരയിലെത്തിക്കുകയായിരുന്നു.
എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ നജാദിന്റെ ധീരതയെ നാട്ടുകാരും കൂട്ടുകാരും പ്രശംസിച്ചു. ജാതിയേരി ടൗണില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹമൂദ് നജാദിന് ഉപഹാരം നല്കി.
വാര്‍ഡ് മെമ്പര്‍ താഹിറ ഖാലിദ് അധ്യക്ഷത വഹിച്ചു.
വട്ടക്കണ്ടി സൂപ്പി ഹാജി, പി.കെ.ഖാലിദ് , വി.വി.കെ ജാതിയേരി, അര്‍ഷാദ് കെ.വി. പാലാമ്പറ്റ കുഞ്ഞാലി ഹാജി, കെ.പി.കെ.ഇബ്രാഹിം, സി.എച്ച് ഇബ്രാഹിം,പുന്നോളി സൂപ്പി, കോറോത്ത് ഇബ്രാഹിം, പി.പി.അമ്മദ് ഹാജി, ജെ.പി.കുഞ്ഞബ്ദുല്ല, പി വി.ബഷിര്‍ പ്രസംഗിച്ചു.