തലശേരി: സബ് ജില്ലാതല നീന്തല്‍ മത്സരത്തിനിടയില്‍ നൂറിലേറെ വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും നോക്കി നില്‍ക്കെ ഒമ്പതാം ക്ലാസ് വിദ്യാർഥി കുളത്തില്‍ മുങ്ങി മരിച്ചു. ന്യൂ മാഹി എംഎം ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാർഥി ഹൃദിക് രാജാണ് (14) മരിച്ചത്.
ടെമ്പില്ഗേറ്റ് ജഗന്നാഥ ക്ഷേത്രകുളത്തില്‍ ഇന്ന് രാവിലെ 10. 30-നാണ് സംഭവം. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന തെരച്ചിലിനൊടുവില്‍ 11.50-നാണ് മുങ്ങല്‍ വിദഗ്ധര്‍ കുളത്തിനടിയില്‍ നിന്നും വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ചൊക്ലി, തലശേരി സൗത്ത്, തലശേരി നോര്‍ത്ത് സബ് ജില്ലകളില്‍ നിന്നുള്ള നൂറിലേറെ മത്സരാര്‍ഥികളായ വിദ്യാര്‍ഥികളും രക്ഷിതാക്കളും എഇഒ ഉള്‍പ്പെടെയുള്ളവര്‍ നോക്കി നില്‍ക്കെയാണ് വിദ്യാർഥി കുളത്തില്‍ മുങ്ങി താഴ്ന്നത്. യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാതെ രൂക്ഷമായ കാലവര്‍ഷ കെടുതികള്‍ക്കിടയില്‍ നിറഞ്ഞു തുളുമ്പുന്ന കുളത്തില്‍ മല്‍സരം സംഘടിപ്പിച്ച അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഫയര്‍ഫോഴ്സിനേയോ പോലീസിനെയോ അറിയിക്കാതെയാണ് മത്സരം സംഘടിപ്പിച്ചത്.
നാല് വിദ്യാർഥികള്‍ നീന്തുന്നതിനിടയില്‍ മൂന്നുപേര്‍ ഒരേ ലൈനില്‍ മുന്നേറുകയും പിന്നിലുണ്ടായിരുന്ന ഹൃദിക് രാജ് മുങ്ങി താഴുകയുമായിരുന്നു. മത്സരം മൊബൈലില്‍ പകര്‍ത്തുകയായിരുന്ന ഒരു രക്ഷിതാവ് കുട്ടി മുങ്ങി താഴുന്നത് കണ്ട് ഒച്ചവയ്ക്കുകയും സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാനേ സാധിച്ചിട്ടുള്ളൂ.
പിന്നീട് വിവരമറിഞ്ഞ് തലശേരിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തെരച്ചില്‍ ആരംഭിച്ചത്. ചെളി നിറഞ്ഞ കുളത്തില്‍ ഒരു മണിക്കൂറിലേറെ സമയം ഫയര്‍ഫോഴ്സ് സംഘം തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് കണ്ണൂരില്‍ നിന്നും സ്കൂബ ഗ്രൂപ്പ് എത്തി കുളത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
സംഭവമറിഞ്ഞ് നൂറു കണക്കിന് ആളുകളാണ് സ്ഥലത്തെത്തിയത്. ടൗണ്‍ എസ്ഐ എ. അനിലിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.