ശ്രീകണ്ഠപുരം: പാറക്കടവ് കൂട്ടുപുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
ബ്ലാത്തൂര്‍ പൈസായിയിലെ എടച്ചേരി താഴത്ത് ഗോപിയുടെ മകന് മനീഷിന്റെ (20) മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. പൈസക്കരിയിലെ പാത്തിക്കുളങ്ങര സജി-റിമ്മി ദമ്പതികളുടെ മകന് അരുണ്‍ (19), വഞ്ചിയത്തെ പരേതനായ വലിയ വീട്ടില്‍ ചന്ദ്രന്-ഓമന ദമ്പതികളുടെ മകന് സനൂപ് (19) എന്നിവർക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്.
അരുണ്‍ അലൂമിനിയം ഫാബ്രിക്കേറ്ററും സനൂപ് കോണ്‍ക്രീറ്റ് തൊഴിലാളിയും മനീഷ് ബൈക്ക് മെക്കാനിക്കുമാണ്. ഇന്നലെ വൈകുന്നേരം 5.15 ഓടെയാണ് സംഭവം.
സുഹൃത്തായ പയ്യാവൂരിലെ പുത്തന്‍പുരയില്‍ അജിത്തിനോടൊപ്പമാണ് മൂവരും പുഴക്കരയിലെത്തിയത്. അജിത്ത് കരയ്ക്കിരുന്നെങ്കിലും മറ്റു മൂന്നു പേരും കുളിക്കാനിറങ്ങുകയായിരുന്നു. നീന്തുന്നതിനിടെ മൂവരും ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് പറയുന്നു.
പയ്യാവൂര്‍, ശ്രീകണ്ഠപുരം പോലീസും തളിപ്പറമ്പ്, ഇരിട്ടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനയും രാത്രി ഒമ്പത് മണി വരെ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നു രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.