മരട്: കുണ്ടന്നൂരിലും മരടിലും പര്യടനം നടത്തിയ ബിജെപിയുടെ വികസിത് ഭാരത് സങ്കല്പ് യാത്ര മരടിൽ ഉദ്ഘാടനം ചെയ്തത് സിപിഎം മരട് നഗരസഭ കൗൺസിലർ ജിജി പ്രേമൻ. മരട് കൊട്ടാരം ജംഗ്ഷനില്‍ വ്യാഴാഴ്ച്ച വൈകിട്ട് നടന്ന പര്യടന പരിപാടിയാണ് 18-ാം വാർഡിലെ സിപിഎം കൗൺസിലർ ഉദ്ഘാടനം നടത്തി പാർട്ടിയെ ഞെട്ടിച്ചത്.
കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേയ്ക്കെത്തിക്കുന്നതിന്റെ ഭാഗമായി ബിജെപി നടത്തുന്ന സങ്കൽപ് യാത്ര, കേന്ദ്ര സർക്കാരിനെ നിരന്തരമായി എതിർത്തു കൊണ്ടിരിക്കുന്ന വിപ്ലവ പാർട്ടിയുടെ കൗൺസിലർ തന്നെ ഉദ്ഘാടനം ചെയ്തത് നാട്ടുകാരിലും കൗതുകമുളവാക്കി.
കുണ്ടന്നൂരില്‍ നടന്ന പരിപാടി കുമ്പളം പഞ്ചായത്തംഗവും ബിജെപി നേതാവുമായ സി.എസ്. സഞ്ജയ് കുമാർ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി അധ്യക്ഷത വഹിച്ചു. ബാങ്ക് ഓഫ് ഇന്ത്യ സോണല്‍ മാനേജര്‍ പ്രദീപ് രഞ്ജന്‍ പോള്‍, പ്രധാനമന്ത്രി മുദ്ര വായ്പ, പിഎം സ്വനിധി പദ്ധതികളുടെ വിതരണം നിര്‍വഹിച്ചു. ബിജെപി നേതാക്കളായ വിനീത ഹരിഹരന്, കെ.കെ. മേഘനാഥ്, ശ്രീക്കുട്ടന് തുണ്ടത്തില്‍, ടി.വി. ശിവപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.