റെജി ജോസഫ്
മരണം തോരാതെ പെയ്തിറങ്ങുന്ന കാസർഗോഡെ എൻഡോസൾഫാൻ ബാധിതഗ്രാമങ്ങളിൽ കാഴ്ചശക്തി പൂർണമായി നഷ്ടമായവർ 60 പേർ. ഭാഗിക കാഴ്ചശക്തിയുള്ളവർ 150.
എൻഡോസൾഫാൻ വിഷപ്പെയ്ത്തിൽ നരകിക്കുന്ന അനേകായിരങ്ങളുടെ മനുഷ്യാവകാശത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന മുനീസ അന്പലത്തറ മുതൽ ആലാപനവേദികളിലെ വാനന്പാടി വിഷ്ണുപ്രിയ വരെ ഇവിടെ കാഴ്ച നഷ്ടപ്പെട്ട ഹതഭാഗ്യരാണ്.
കേരളത്തിന്റെ കണ്ണീർഭൂമികയായ കാസർഗോഡെ എൻഡോസൾഫാൻ ബാധിതർക്കു കോവിഡ് മഹാമാരിക്കു പിന്നാലെ ദുരിതങ്ങളും ദുരന്തങ്ങളും മാത്രമേയുള്ളു.
ആറായിരം പേർക്ക് വിദഗ്ധ ചികിത്സ മുടങ്ങിയിരിക്കുന്നു. കിടപ്പുരോഗികൾക്ക് മരുന്നില്ല. ചികിത്സാർഥം കർണാടകത്തിലേക്കു പ്രവേശനമില്ല.
ഇവർക്കായി തുറന്ന ബഡ്സ് സ്കൂളുകൾ അടച്ചുപൂട്ടി. ആംബുലൻസ് നിലച്ചു. സർക്കാരിന്റെ തുച്ചമായ ആശ്വാസ പെൻഷൻ ലഭിച്ചിട്ട് ഒരു വർഷത്തിലേറെയി.
ബെള്ളൂർ, കുംബഡാജെ, എൻമഗെജെ, മുളിയാർ, കാറസ്ക, ദേലന്പാടി,അജാനൂർ, പുല്ലൂർ, പെരിയ, കയ്യൂർ-ചീമേനി, പനത്തടി, കള്ളാർ തുടങ്ങി 11 പഞ്ചായത്തുകളിൽ ദുരിതമഴ പെയ്തൊഴിയുന്നില്ല.
മലയോരങ്ങളിൽ ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലം കടക്കുന്ന ഹതഭാഗ്യരുടെ ഇക്കാലത്തെ ദുരിതയാതനകൾ ആരും കാണുന്നില്ല.
കാഴ്ചയില്ലാത്ത ലോകത്ത് പഠനവും ജോലിയും ഒരു സ്വപ്നമായി സൂക്ഷിക്കുകയാണ് എൻഡോസൾഫാൻ വിഷപ്പെയ്ത്തിന്റെ ഇരകൾ.
സർക്കാർ പുറത്ത് വിട്ട 2010 മുതൽ 2019 വരെയുള്ള ദുരിതബാധിത പട്ടികയിൽ തന്നെ ആറായിരത്തോളം പേരുണ്ട്. കണക്കിൽപ്പെടാത്തവരായി നാലായിരം പേർ ജില്ലയിൽ വേറെയുമുണ്ട്.
പട്ടികയിലുള്ള 511 കുട്ടികൾക്കും 2011ലെ പട്ടികയിൽപ്പെട്ട 1318 പേരിൽ 610 പേർക്കും ഇന്നേവരെ ചികിത്സയോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സെക്രട്ടറി അന്പലത്തറ കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
കലോത്സവത്തിലെ വാനന്പാടി
എൻഡോസൾഫാൻ കാഴ്ചശക്തി കെടുത്തിയ കാറഡുക്ക ഗ്രാമത്തിലെ വൃന്ദാവനം വീട്ടിൽ എ വിഷ്ണുപ്രിയ കലോത്സവ വേദികളിലെ തിലകമായിരുന്നു.
വേദികളിൽ വിഷ്ണുപ്രിയ ആലാപനത്തിന്റെയും അവതരണത്തിന്റെയും വിസ്മയം തീർത്തപ്പോൾ ആഹ്ലാദം നിറഞ്ഞത് ആസ്വാദകരുടെ ഹൃദയത്തിലാണ്.
ഇരുളിന്റെ ലോകത്തു കൂട്ടുകാരികളുടെ കരങ്ങൾ പിടിച്ചാണ് ഇവൾ വേദികളിലേക്ക് കടന്നുവന്നത്.
ജനിക്കുന്പോൾ വിഷ്ണുപ്രിയയ്ക്ക് നേരിയ കാഴ്ചയുണ്ടായിരുന്നു. ഒന്നാം ക്ലാസിൽ ചേർന്ന് ഏറെ വൈകാതെ കാഴ്ച മങ്ങി തുടങ്ങി.
മൂന്നാം ക്ലാസിലെത്തിയതോടെ കാഴ്ചയുടെ ലോകം പൂർണമായി അന്യമായി. മരപ്പണിക്കാരനായ അച്ഛൻ വിശ്വനാഥന് രണ്ടുവർഷംമുന്പ് തളർവാതം പിടിപെട്ടു. പിന്നീട് ഹൃദ്രോഗിയുമായി. അമ്മ ആശാദേവിക്കും ഭാഗികമായി മാത്രമേ ഇപ്പോൾ കാഴ്ചയുള്ളു.
മുള്ളേരിയ ജിവിഎച്ച്എസ്എസ് വിദ്യാർഥിനിയായിരിക്കെ വിഷ്ണുപ്രിയ സംസ്ഥാന കലോത്സവത്തിൽ കഥകളി സംഗീതത്തിൽ ഹാട്രിക് ഒന്നാം സ്ഥാനവും ശാസ്ത്രീയസംഗീതത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
ചെറിയ പ്രായത്തിൽ വിഷ്ണുപ്രിയയിലെ പാട്ടുകാരിയെ കണ്ടെത്തിയത് പ്രിയപ്പെട്ട അധ്യാപിക ഉഷ ഭട്ടായിരുന്നു. പ്രതിഫലമില്ലാതെ സംഗീതം പഠിപ്പിച്ച വലിയ മനസായിരുന്നു ടീച്ചറുടേത്.
അന്ധവിദ്യാലയത്തിലെ പഠനത്തോടൊപ്പം സംഗീതപഠനവും തുടരുകയായിരുന്നു. ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യപാരായണം, കഥാപ്രസംഗം എന്നിവയിൽ സംസ്ഥാനകലോത്സവങ്ങളിൽ ഒട്ടേറെ വിജയങ്ങൾ സ്വന്തമാക്കി.
സർക്കാരിന്റെ സിസിആർടിസി സ്കോളർഷിപ്പായിരുന്നു ആകെയുള്ള വരുമാനം. എങ്ങനെയും പഠിച്ച് ഒരു ജോലി നേടാൻ ആഗ്രഹിക്കുന്പോഴാണ് കോവിഡ് ഇരുളടഞ്ഞ മുറിയിൽ അടച്ചിട്ടത്.
കഷ്ടപ്പാടും കഠിനാധ്വാനവും കൈമുതലാക്കി പഠിച്ചുകയറിയ വിഷ്ണുപ്രിയ ഇപ്പോൾ തലശേരി ബ്രണ്ണൻ കോളജിൽ ഒന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ്. ക്ഷേത്രങ്ങളിലെ കച്ചേരിയും സംഗീത ക്ലാസുകളുമായിരുന്നു വിഷ്ണുപ്രിയയുടെ ജീവിതമാർഗം.
അച്ഛന് മരുന്നുവാങ്ങാനും ഇതായിരുന്നു വരുമാനം. കോവിഡ് നിയന്ത്രണം വന്നതോടെ എല്ലാ പ്രതീക്ഷകളും തകർന്നു.
രോഗിയായ അച്ഛന്റെ ചികിത്സയും കാഴ്ചയില്ലാത്ത അമ്മയുടെ ദുരിതവും ഒക്കെയായി വീട്ടുചെലവും മുന്നോട്ടുപോകുന്നില്ല.
ഇപ്പോൾ ഓണ്ലൈനിലാണ് പഠനം. ഇനി കോളജ് തുറക്കുന്പോൾ എങ്ങനെയും പഠനം മുന്നോട്ടുപോയി ഒരു ജോലി നേടാനുള്ള കാത്തിരിപ്പിലാണ് വിഷ്ണുപ്രിയ. സ്ഥലമോ പറയത്തക്ക വരുമാനമോ ഇല്ല. ചെങ്കള പഞ്ചായത്തിലെ അറളഡുക്കയിലാണ് വിഷ്ണുപ്രിയ ഇപ്പോൾ താമസം.
മുനീസ തളരാത്ത പോരാളി
സമാനതകളില്ലാത്ത പോരാട്ടത്തിന്റെ വഴികളിലാണ് എൻഡോസൾഫാൻ മുന്നണി പോരാളി അന്പലത്തറ മുനീസയുടെ ജീവിതം.
അകക്കണ്ണ് കൊണ്ട് ദുരിതബാധിതരെ നയിക്കാൻ ജീവിതം ഉഴിഞ്ഞുവച്ച മുനീസ മുപ്പതോളം കുട്ടികൾക്ക് സ്നേഹവീട് തണലൊരുക്കിയിരിക്കുന്നു.
കാസർഗോട്ടു മാത്രമല്ല സെക്രട്ടറിയറ്റിനു മുന്നിലും മറ്റിടങ്ങളിലും ഏറെക്കാലമായി ധീരമായ ആവകാശ പോരാട്ടം നയിക്കുന്നു.
കാഞ്ഞാങ്ങാട് അന്പലത്തറ ഹസനാരുടെയും നബീസയുടെയും മകളായ മുനീസയ്ക്ക് ബാല്യം മുതൽ കാഴ്ചയുടെ ലോകം അന്യമാണ്.
കശുമാവുതോട്ടങ്ങളിൽ കൂറ്റൻ തുന്പിയായി വന്ന ഹെലികോപ്ടർ പെയ്യിച്ച പച്ചമഴ ഏറെ നനഞ്ഞ ബാല്യമായിരുന്നു മുനീസയുടേത്.
വിദ്യാനഗർ അന്ധവിദ്യാലയത്തിലും അന്പലത്തറ സർക്കാർ സ്കൂളിലും ദുരിതപാതകൾ താണ്ടിയുള്ള ബാല്യം.
ബ്രെയിലിയിൽ തൊട്ടറിഞ്ഞ അക്ഷരങ്ങൾ സമ്മാനിച്ച അറിവിൽ മുനീസ ദുരിതബാധിതരുടെ അവകാശപ്പോരാട്ടത്തെ ധീരമായി നയിക്കുകയാണ്.
കാസർഗോഡ് സർക്കാർ കോളജിൽ ബിഎ പഠനകാലം മുതൽ എൻഡോസൾഫാൻ ഇരകളുടെ അവകാശ മുന്നേറ്റത്തിനു നേതൃത്വം നൽകുന്നു. കാഞ്ഞങ്ങാട് ബിഎഡ് കേന്ദ്രത്തിൽ നിന്ന് അധ്യാപക യോഗ്യതാ ബിരുദവും ഇതിനികം നേടി.
2012ൽ കാസർഗോഡ് ഒപ്പുമരച്ചുവട്ടിലെ സമരപ്പന്തലിൽ തുടങ്ങിയതാണ് മുനീസയുടെ അവകാശസമരം. എൻഡോസൾഫാന്റെ ആഘാതത്തിൽ നരകിക്കുന്ന ഒരുപാട് മനുഷ്യരെ മുനീസ അകക്കണ്ണുകൊണ്ട് കാണുന്നുണ്ട്.
ദുരിതങ്ങൾ കേൾക്കുന്നുണ്ട്. ഉടൽ വളരാതെ തല മാത്രം വളരുന്ന കുഞ്ഞുങ്ങളുടെ നിലയ്ക്കാത്ത കരച്ചിലിൽ വിതുന്പുന്ന അമ്മമാരുടെ ഏങ്ങലുകൾ അറിയുന്നുണ്ട്.
നൊന്തുപെറ്റ കുഞ്ഞിന് ബുദ്ധിമാന്ദ്യമാണെന്നറിഞ്ഞ് നെഞ്ചുപൊട്ടി ജീവിക്കുന്ന അച്ഛൻമാരുടെ നാടാണ് കാസർഗോഡിന്റെ മലയോര ഗ്രാമങ്ങൾ.
ജനിച്ചതുമുതൽ കൈയിൽ മാത്രം ജീവിക്കുകയും ഒരിക്കൽപോലും നിലത്തു കാൽകുത്തി നിൽക്കുകയും ചെയ്യാത്ത മക്കളുടെ നിലവിളി.
ജീവിതത്തിലൊരിക്കലും സാംസാരിക്കുകയോ ചിരിക്കുകയോ ചെയ്യാതെ നിശ്ചലമായി കിടക്കുന്ന സന്തതി.
ഇത്തരത്തിൽ ശരീരവും ബുദ്ധിയും പ്രവർത്തിക്കാത്ത ആനേകർക്കു മുന്നിലാണ് അവരുടെ അവകാശസമര നായികയായി അന്ധയായ മുനീസയുടെ ശബ്ദം ഉയരുന്നത്.
ആത്മഹത്യാ മുനന്പിൽ കഴിയുന്ന ജനതതിയുടെ സമര വേദികളിലാണ് മുനീസ മനുഷ്യരെ ചുട്ടെരിച്ച വിഷ പ്രയോഗത്തോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചത്.
ആദ്യകാലത്ത് ദിവസവേതനത്തിൽ അധ്യാപികയായി അകക്കണ്ണിന്റെ ആഴങ്ങളിൽ നിന്നു വിദ്യാർഥികളിലേക്ക് അക്ഷരങ്ങൾ മുനീസ പകർന്നു കൊടുത്തിരുന്നു.
എൻഡോസൾഫാൻ സമരത്തിന് ജനകീയമുഖം കൈവന്നതോടെ മാറിനിൽക്കാൻ പറ്റാത്ത അവസ്ഥയിൽ മുനീസ അവകാശപോരാട്ടത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു.
എൻഡോസൾഫീൻ പീഡിത മുന്നണിയ്ക്കൊപ്പം നടക്കുന്ന സമരങ്ങൾ നയിക്കുന്നതും മുനീസ തന്നെ. ആഗ്രഹിച്ച ജോലി കിട്ടിയില്ലെങ്കിലും വേദനിക്കുന്ന മനുഷ്യർക്ക് വേണ്ടി സംസാരിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുകയാണ് ഈ യുവതി.
ഈ ഇരകൾക്ക് ജീവിക്കാൻ ഇടം വേണമെന്ന എക്കാലത്തെയും ആവശ്യം സമരസമിതി ശക്തമായി ഉന്നയിക്കുന്നത്.
പലതവണ അധികാരകേന്ദ്രങ്ങളിൽ ശക്തമായ സമരങ്ങൾ നടത്തിയെങ്കിലും ഫലം കാണാതൈ വന്നതോടെയാണ് സ്നേഹം സൊസൈറ്റിക്ക് രൂപം കൊടുക്കുന്നത്.
തുടർന്ന് സമീപത്തെ നാലുകുട്ടികളുമായി വാടക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. അതിന്റെ കോ ഓർഡിനേറ്റർ ആയിരുന്നു മുനീസ.
സ്വന്തമായി ഒരു കെട്ടിടമായിരുന്നു പിന്നീടുള്ള വെല്ലുവിളി. വൈകാതെ തന്നെ സ്നേഹവീടിന് കേരളം ഒറ്റക്കെട്ടായി നിന് (തുടരും)