കോഴിക്കോട്: കള്ളക്കടത്ത് സ്വര്‍ണവുമായി പോലീസ് പിടിയിലായ കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് പി.മുനിയപ്പയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കേസ് സിബിഐ ഏറ്റെടുക്കും.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസേന്വഷണം നടത്തും. 320 ഗ്രാം സ്വര്‍ണവുമായി ഇന്നലെയാണ് കരിപ്പൂര്‍ വിമാനത്താവള ടെര്‍മിനലിനു പുറത്തുവച്ച് മുനിയപ്പ പോലീസിന്റെ പിടിയിലായിരുന്നത്.
കള്ളക്കടത്തു സ്വര്‍ണം കൈമാറാനായി കാത്തുനില്‍ക്കുന്നതിനിടയിലാണ് തൊണ്ടിസഹിതം ഇയാള്‍ പിടിയിലായത്.
കള്ളക്കടത്തിന് കസ്റ്റംസ് സൂപ്രണ്ട് കൂട്ടുനിന്നത് വളരെ ഗൗരവത്തോടെയാണ് േകന്ദ്ര അന്വേഷണ ഏജന്‍സികള്‍ കാണുന്നത്.
ഇതിനുമുമ്പും കസ്റ്റംസിലെ ഉദ്യോഗസ്ഥര്‍ കള്ളക്കടത്തു സംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിനു പിടിയിലായിട്ടുണ്ട്. കസ്റ്റംസ് സൂപ്രണ്ടുതന്നെ ഇതിനു േനതൃത്വം കൊടുത്തതാണ് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്.
എയര്‍പോര്‍ട്ട് ടെര്‍മിനലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഗള്‍ഫില്‍ നിന്നെത്തിയ ആറ് ലഗേജുകള്‍ ഇയാള്‍ മാര്‍ക്ക് ചെയ്തില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതില്‍ രണ്ടെണ്ണത്തിന്റെ ഉടമകളില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് നാലു ബാഗേജുകളുടെ ഉടമകളെയും കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്.
കുടുതല്‍ യാത്രക്കാര്‍ക്ക് അനധികൃത സാധനങ്ങള്‍ വിമാനത്താവളം വഴി കടത്താന്‍ ഇയാള്‍ ഒത്താശ ചെയ്തുകൊടുത്തതായാണ് പ്രാഥമിക നിഗമനം. സംഭവം സംബന്ധിച്ച് കേരളാ പോലീസ് സിബിഐക്ക് റിപ്പോര്‍ട്ട് നല്‍കും.
ദുബായിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസിൽ എയർപോർട്ടിൽ വന്നിറങ്ങിയ രണ്ടു കാസർഗോഡ് സ്വദേശികൾ കടത്തികൊണ്ടു വന്ന സ്വർണമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് എയർപോർട്ടിനു പുറത്തെത്തിച്ച ശേഷം കടത്തിക്കൊണ്ടു വന്ന യാത്രക്കാർക്കു കൈമാറാൻ ശ്രമിച്ചത്.
ഇതിന് 25,000 രൂപയാണ് ഇയാൾക്കു പ്രതിഫലമായി ലഭിക്കാനിരുന്നത്. കാസർഗോഡ് തെക്കിൽ സ്വദേശികളും സഹോദരങ്ങളുമായ കെ.എച്ച് അബ്ദുൾ നസീർ(46), കെ.ജെ ജംഷീദ് (20) എന്നിവരാണ് എയർപോർട്ടിൽ 640 ഗ്രാം സ്വർണവുമായി വന്നിറങ്ങിയത്.
കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ ലഗേജ് പരിശോധനയിൽ സ്വർണം കണ്ടെത്തി. എന്നാൽ രണ്ടു പേരിൽ നിന്നായി 320 ഗ്രാം സ്വർണം മാത്രം കണക്കിൽ കാണിക്കുകയും കസ്റ്റംസ് ഡ്യൂട്ടി കോന്പൗണ്ടിനുള്ള നോട്ടീസ് നൽകുകയും ചെയ്തു.
ബാക്കി വരുന്ന 320 ഗ്രാം സ്വർണം 25,000 രൂപ പ്രതിഫലത്തിനു ടെർമിനലിനു പുറത്തെത്തിച്ചു തരാമെന്നു രഹസ്യധാരണയുണ്ടാക്കുകയും ചെയ്തു.
രാവിലെ എട്ടു മണിക്ക് തന്റെ ഡ്യൂട്ടി കഴിഞ്ഞു പോയശേഷം വിളിക്കാനായി നിർദേശിച്ച് തന്റെ ഫോണ്‍ നന്പറും യാത്രക്കാർക്കു കൈമാറിയ ശേഷം അക്കൗണ്ട് ചെയ്യപ്പെടാത്ത 320 ഗ്രാം തങ്കം സ്വന്തം കൈവശം വയ്ക്കുകയായിരുന്നു.
രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളത്തിനു പുറത്തു കാത്തുനിന്നിരുന്ന പോലീസ് രണ്ടു യാത്രക്കാരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ ഇവര്‍ക്ക് മുനിയപ്പയുടെ ഫോണ്‍കോള്‍ വന്നു. സ്വര്‍ണം കൈപ്പറ്റാന്‍ തന്റെ വീടിനടുത്തേക്ക് വരാന്‍ നിര്‍ദേശിച്ചുള്ള കസ്റ്റംസ് സൂപ്രണ്ടിന്റെ ഫോൺകോളായിരുന്നു ഇത്.
പോലീസ് ഈ കരിയര്‍മാരെ മുനിയപ്പയുടെ അടുത്തേക്ക് അയച്ചു. പോലീസും പിന്തുടര്ന്നു. ഉച്ചയ്ക്ക് മുനിയപ്പ താമസിക്കുന്ന നുഹ്മാൻ ജംഗ്ഷനിലെ ലോഡ്ജിനു സമീപത്തുവച്ച് കൈമാറാൻ ശ്രമിക്കുന്പോഴാണ് പിടികൂടിയത്.
മലപ്പുറം പോലീസ് മേധാവി എസ്. സുജിത്ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു മൂവരെയും പോലീസ് പിടികൂടിയത്.
യാത്രക്കാരെ രഹസ്യമായി പിന്തുടർന്നിരുന്ന പോലീസ് മുനിയപ്പയെയും യാത്രക്കാരെയും പിടികൂടുകയായിരുന്നു. മുനിയപ്പയുടെ താമസ സ്ഥലം പരിശോധിച്ചപ്പോൾ കണക്കിൽപ്പെടാത്ത 4,42980 രൂപയുടെ ഇന്ത്യൻ കറൻസിയും 500 യുഎഇ ദിർഹവും നിരവധി വിലപിടിപ്പുള്ള വാച്ചുകളും നാലു പേരുടെ ഇന്ത്യൻ പാസ്പോർട്ടുകളും നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
കരിപ്പൂർ പോലീസ് ഇൻസ്പെക്ടർ ഷിബു, എസ്ഐ നാസർ പട്ടർക്കടവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മുനിയപ്പയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
കരിപ്പൂർ എയർപോർട്ടുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്വർണ കള്ളക്കടത്ത് സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്.