കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കള്ളക്കടത്ത് സ്വര്‍ണവുമായി കസ്റ്റംസ് സൂപ്രണ്ട് പിടിയിലായ സംഭവത്തില്‍ വിവരങ്ങള്‍ തേടി സിബിഐ.
സംഭവത്തില്‍ മലപ്പുറം എസ്പി നല്കിയ റിപ്പോര്ട്ടിന്മേല് സിബിഐ കൊച്ചി യൂണിറ്റ് തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.
സ്വര്‍ണക്കടത്തിലെ പങ്ക്, ഇയാളുടെ വീട്ടില്‍നിന്നു പിടിച്ചെടുത്ത രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവയാണ് പ്രാഥമിക വിവര ശേഖരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം.18ന് പുലര്‍ച്ചെ ദുബായില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസില്‍ രണ്ട് കാസര്‍കോട് സ്വദേശികള്‍ കടത്തിക്കൊണ്ടുവന്ന 320 ഗ്രാം സ്വര്‍ണം ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പ 25000 രൂപ പ്രതിഫലത്തിന് എയര്‍പോര്‍ട്ടിന് പുറത്തെത്തിച്ച് കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.
തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്തും പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു 4,42,980 രൂപയും 500 യുഎഇ ദിര്‍ഹവും നാലോളം പാസ്പോര്‍ട്ടും മറ്റും പിടിച്ചെടുത്തിരുന്നു.
കരിപ്പൂര്‍ പോലീസ് സിബിഐയ്ക്കും ഡിആര്‍ഐയ്ക്കും ഇതുസംബന്ധിച്ച അന്വേഷണ വിവരം കൈമാറിയിരുന്നു. പിടിയിലാവുന്നതിന്റെ തലേദിവസം യാത്രക്കാരുടെ ലഗേജുകള്‍ എക്സറേ ഇമേജ് ഉപയോഗിച്ച് പ്രാഥമിക പരിശോധന നടത്തുന്ന ചുമതല ആയിരുന്നു മുനിയപ്പയ്ക്ക്.
എന്നാല്‍ ചില യാത്രക്കാരുടെ ലഗേജുകള്‍ പരിശോധിക്കാത്തതിനെക്കുറിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ ഇയാള്‍ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് മുനിയപ്പ പിടിയിലായത്. ഇക്കാര്യവും സിബിഐ അന്വേഷിക്കുന്നുണ്ട്.