മുണ്ടക്കയം: മുണ്ടക്കയം ബിവറേജിൽനിന്നു മദ്യം കടത്തിയ സംഭവത്തിൽ വൻ ക്രമക്കേട്. എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ലോക്ഡൗണിനെ തുടർന്നു മുണ്ടക്കയം ബിവറേജ് ഒൗട്ടലെറ്റിൽനിന്ന് അനധികൃതമായി മദ്യം കടത്തിയെന്ന വാർത്തയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
പ്രാഥമിക പരിശോധനയിൽ രണ്ടായിരം ലിറ്ററിലധികം മദ്യം കടത്തിയതായി പ്രാഥമികവിവരം. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ സൂരജ്, സജീവ്കുമാർ, ബിവറേജ് കോർപറേഷൻ ഓഡിറ്റ് വിഭാഗം ടീം പ്രതിനിധികളായ കെ.സി. പ്രദീപ്കുമാർ, സി.വി. ലിബിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.
ഉദ്ദേശം പത്തുലക്ഷത്തിലധികം രൂപയുടെ കുറവാണ് സ്റ്റോക്ക് എടുപ്പിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതായി എക്സൈസ് അറിയിച്ചു.
കോവിഡിന്റെ രണ്ടാം തരംഗം മൂലം ലോക്ഡൗണ് പ്രഖ്യാപിച്ചതോടെ മുണ്ടക്കയം ബിവറേജ് ഒൗട്ട്ലെറ്റിൽനിന്നു ചില ജീവനക്കാരുടെ ഒത്താശയിൽ മദ്യം കടത്തുന്നതായി പരാതി ഉയർന്നിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ. സുൽഫിക്കർ അന്വേഷണത്തിന് ഉത്തരവിടുകയും എക്സൈസ് സി.ഐ. സജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധന നടത്തി ഒൗട്ട്ലെറ്റ് പൂട്ടി സീൽചെയ്തിരുന്നു.
തുടർനടപടിയുടെ ഭാഗമായാണ് ഇന്നലെ എക്സൈസും ബിവറേജ് ഓഡിറ്റ് വിഭാഗവും സംയുക്ത പരിശോധന നടത്തിയത്. പരിശോധനയിൽ വൻ ക്രമക്കേടാണു കണ്ടെത്തിയിരിക്കുന്നത്.
ബിവറേജ് വെയർഹൗസിൽനിന്ന് ഒൗട്ട്ലെറ്റിലേക്ക് അയച്ച മദ്യത്തിന്റെ വ്യക്തമായ വിവരം പരിശോധിച്ചശേഷം ഒൗട്ട്ലെറ്റിൽനിന്നും ലഭിച്ച സ്റ്റോക്ക് വിവരംകൂടി പരിശോധന നടത്തിയശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് എക്സൈസ് വിഭാഗം അറിയിച്ചു.
വകുപ്പ് മേധാവികൾക്കു സംഭവം സംബന്ധിച്ച റിപ്പോർട്ട് നൽകിയതായി ഓഡിറ്റിംഗ് ഭാഗവും അറിയിച്ചു. സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുവാനാണ് സാധ്യത.