കോലഞ്ചേരി: നാടിനെ നടുക്കിയ ക്രൂരകൊലപാതകം നടത്തിയത് പണത്തിനായിട്ടാണെന്ന് പ്രതി മൂർഷിദാബാദ് സ്വദേശി ദീപൻ കുമാർ ദാസ് പ്രാഥമിക ചോദ്യംചെയ്യലിൽ സമ്മതിച്ചു.
ആസാം സ്വദേശി രാജാ ദാസിനെ കൊലപ്പെടുത്തിയ കേസിൽ ചൊവ്വാഴ്ച്ച രാത്രി ചെന്നൈക്കടുത്ത് കോയന്പേടിൽനിന്നാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്.
ഇന്നലെ രാവിലെ പുത്തൻകുരിശ് സ്റ്റേഷനിൽ എത്തിച്ച ശേഷം തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കി സംഭവ സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു.
പ്രതിയെ കാണാനായി സ്ഥലത്ത് നാട്ടുകാരും തടിച്ചുകൂടിയിരുന്നു. യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് പ്രതി പോലീസിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകിയത്.
കൃത്യം നടത്തിയത് എങ്ങിനെയെന്ന് പ്രതി പോലീസിനു മുന്നിൽ വിവരിച്ചു. തനിക്ക് കൂലി കുറവായിരുന്നെന്നും മറ്റൊരു സ്ഥലത്തേക്ക് ജോലി തേടിപ്പോകാൻ ഉദ്ദേശിച്ചിരുന്നെന്നും വ്യക്തമാക്കിയ പ്രതി കൊല്ലപ്പെട്ടത് ആസാം സ്വദേശിയായതിനാൽ അന്വേഷണമൊന്നും ഉണ്ടാകുമെന്ന് കരുതിയില്ലെന്നും പറഞ്ഞു.
കൊല നടത്താൻ പദ്ധതിയിട്ടിരുന്ന രാത്രിയിൽ പ്രതി മുറിക്കകത്ത് ചൂട് കൂടുതലാണെന്നു പറഞ്ഞ് പുറത്തുകിടക്കുകയായിരുന്നു. ശനിയാഴ്ച ഇരുവർക്കും കൂലിയായി 3,000 രൂപ വീതം ലഭിച്ചിരുന്നു.
ഈ തുക രാജാദാസിന്റെ കൈയിൽ ഉണ്ടെന്ന് ബോധ്യമായ പ്രതി ഇത് തട്ടിയെടുത്ത് സ്ഥലംവിടാൻ വേണ്ടിയിട്ടാണ് കൊല നടത്തിയതെന്ന് പോലീസിനോടു പറഞ്ഞു.
കൃത്യം നടന്ന രാത്രിയിൽ 12 കഴിഞ്ഞിട്ടും കന്പനി ഉടമ ഉറങ്ങുന്നതിനായി ഇയാൾ കാത്തിരുന്നു.
കൊല നടത്താൻ ഉപയോഗിച്ച ചെറിയ മണ്വെട്ടി കൊണ്ടുതന്നെയാണ് ചാക്കിൽ കെട്ടിയ മൃതശരീരം പാറപ്പൊടിയിൽ കുഴിച്ചിടാനും ശ്രമിച്ചത്.
മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ പ്രതിയെ കോലഞ്ചേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്പാകെ ഹാജരാക്കി കാക്കനാട് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
ഇന്ന് കസ്റ്റഡിക്കുള്ള അപേക്ഷ കോടതി മുന്പാകെ സമർപ്പിക്കുമെന്നും പുത്തൻകുരിശ് സിഐ എം.എം. മഞ്ജു ദാസ് പറഞ്ഞു. പുത്തൻകുരിശ് ഡിവൈഎസ്പി ജി. അജയ് നാഥിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.