മൂന്നാർ: ഭാര്യ ഓടിച്ചിരുന്ന വാഹനം കയറി ഭർത്താവിനു ദാരുണാന്ത്യം. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അശോക് സുകുമാരൻ നായരാണ് (35) മരിച്ചത്. അശോക് സൈക്കിളിൽ മുന്നിലും ഭാര്യയും മക്കളും പിന്നിൽ കാറിലും യാത്ര ചെയ്യുകയായിരുന്നു. ഡ്രൈവിംഗിനിടെ പാട്ടുവയ്ക്കണമെന്നു കുട്ടികൾ ആവശ്യപ്പെട്ടു.
പാട്ടു കേൾക്കാൻ സെറ്റ് പ്രവർത്തിപ്പിക്കുന്നതിനിടയിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു അശോക് സഞ്ചരിച്ച സൈക്കിളിൽ ഇടിക്കുകയായിരുന്നു. സൈക്കിൾ കാറിനടയിൽപ്പെടുകയും ചെയ്തു. അപകടം സംഭവിച്ച ഉടൻ വാഹനം നിർത്തി നാട്ടുകാരനായ ഒരാളുടെ സഹായത്തോടെ അതേ വാഹനത്തിൽ അശോകിനെ മൂന്നാർ ടാറ്റാ ടീ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇന്നലെ വൈകുന്നേരം ആറോടെ മൂന്നാർ ഉടുമൽപേട്ട അന്തർസംസ്ഥാന പാതയിൽ വാഗുവാരയ്ക്കു സമീപം എസ് വളവിനു സമീപത്തായിരുന്നു അപകടം. വേനലവധി പ്രമാണിച്ചു മൂന്നാറിലേക്കു പുറപ്പെട്ടതായിരുന്നു കുടുംബം. തിരുവനന്തപുരം സ്വദേശിയായ അശോക്, ഭാര്യ രശ്മി (32) മക്കളായ ശ്രദ്ധ (7) ശ്രേയ (5) എന്നിവരോടൊപ്പം ശനിയാഴ്ച രാവിലെയാണ് മൂന്നാറിലേക്കു തിരിച്ചത്. സൈക്ലിംഗിൽ കന്പമുള്ള അശോക് ഹോണ്ട സിറ്റി കാറിനു മുകളിൽ സൈക്കിളും കൊണ്ടുവന്നിരുന്നു. യാത്രയ്ക്കിടയിൽ മൂന്നാറിലെ തേയിലക്കാടുകളും മലനിരകളും കണ്ടതോടെ വാഹനത്തിൽ ഘടിപ്പിച്ചിരുന്ന സൈക്കിൾ താഴെയിറക്കി.
അശോക് അതിൽ കയറുകയും കാറോടിക്കാൻ ഭാര്യയെ എല്പിക്കുകയുമായിരുന്നു. രശ്മി വാഹനം ഓടിക്കാൻ തുടങ്ങി അല്പ സമയത്തിനകം അപകടം സംഭവിച്ചു. ബംഗളൂരു പൂർവ സ്കൈവുഡ് ഫ്ളാറ്റിൽ താമസിച്ചു വന്നിരുന്ന അശോക് ഐ.ടി ജീവനക്കാരനാണ്.