മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ തുടരുമെങ്കിലും ദൗത്യ സംഘത്തിന്റെ മുന്നോട്ടുള്ള നടപടികള്‍ ജാഗ്രതയോടെയായിരിക്കും എന്ന് സൂചന. ഇന്നലെ മുതല്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ദൗത്യസംഘം ആരംഭിച്ചെങ്കിലും ഇന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ ഇല്ല.
പൂജാ അവധിക്കു ശേഷം നടപടികള്‍ തുടരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. ഇതിനിടെ ആനവിരട്ടി വില്ലേജില്‍ അനധികൃതമായി കൈവശം വച്ചിരുന്ന 224.21 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതിനെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ആനവിരട്ടി വില്ലേജിലെ 224.21 ഏക്കര്‍ സ്ഥലവും അതിലെ കെട്ടിടവും ഇന്നലെ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഏറ്റെടുത്തിരുന്നു. ഇതിനു പുറമെ ഉടുമ്പന്‍ചോല താലൂക്കിലെ ചിന്നക്കനാല്‍ വില്ലേജില്‍ താവളം ഭാഗത്ത് 5.55 ഏക്കര്‍ സ്ഥലവും ദൗത്യ സംഘം ഏറ്റെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു.
സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന കേസില്‍ സര്‍ക്കാരിന് അനുകൂലമായ വിധി ഉണ്ടായതിനെത്തുടര്‍ന്നാണ് നടപടി . ആനവിരട്ടി വില്ലേജിലെ റീസര്‍വേ ബ്ലോക്ക് 12 ല്‍ സര്‍വ്വ 12, 13, 14, 15, 16 എന്നിവയില്‍പ്പെട്ട ഭൂമിയാണ് ഏറ്റെടുത്തത്.
മൂന്നാര്‍ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ നേതൃത്വത്തില്‍ റവന്യൂ, പൊലീസ്, ഭൂസംരക്ഷണസേന എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.
നിയമപരമായ യാതൊരു പിന്‍ബലവും ഇല്ലാതിരുന്ന കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചതെന്ന് ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. പട്ടയം ലഭിക്കുന്നതിനുള്ള അര്‍ഹത പരിശോധിച്ച് നിയമപരമായ നടപടികള്‍ പാലിച്ച് മാത്രമേ ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ.
കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് അനധികൃത കൈയേറ്റങ്ങള്‍ക്കെതിരായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരായുള്ള ആരോപണങ്ങള്‍ വസ്തതുതാ വവിരുദ്ധമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഒഴിപ്പിക്കല്‍ ആരംഭിച്ചതിനു പിന്നാലെ എം.എം. മണി എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസും ഇതിനെതിരേ രംഗത്തു വന്നിരുന്നു. റവന്യു വകുപ്പിന്റെ നടപടി ശുദ്ധ അസംബന്ധമാണെന്നാണ് മണി ഇന്നലെ പറഞ്ഞത്.
ചിന്നക്കനാല്‍ വില്ലേജിലെ കൈയേറ്റം ഒഴിപ്പിക്കല്‍ ഒറ്റപ്പെട്ട സംഭവമാണെന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പ്രതികരിച്ചത്. നടപടികള്‍ തുടരില്ലെന്ന് കളക്ടര്‍ ഉറപ്പു നല്‍കിയെന്നും വര്‍ഗീസ് പറഞ്ഞു. എന്നാല്‍ കൈയേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തുമെന്ന് ആര്‍ക്കും ഉറപ്പു കൊടുത്തിട്ടില്ലെന്നും നടപടികളുമായി മുന്നോട്ടു പോകുമെന്നുമാണ് കളക്ടര്‍ അറിയിച്ചു.
നടപടികള്‍ വേഗത്തിലാക്കിയാല്‍ പ്രതിഷേധം ശക്തിപ്പെടാനിടയുണ്ടെന്ന സാഹചര്യം കണക്കിലെടുത്ത് ഘട്ടംഘട്ടമായി ഓരോ പ്രദേശത്തും നടപടി തുടരാനാണ് റവന്യു വകുപ്പിന്റെ നീക്കം.