മൂന്നാർ: ഗുണ്ടുമല എസ്റ്റേറ്റിലെ ശിശുപരിപാലന കേന്ദ്രത്തിലെ ആയ വെട്ടേറ്റു കൊല്ലപ്പെട്ട സംഭവത്തിനു പിന്നിലെ ചുരുളഴിഞ്ഞതിന്റെ നടുക്കം മാറാതെ ഗുണ്ടുമല. കഴിഞ്ഞ ദിവസം ആയ മരിച്ച സംഭവത്തിൽ മകനും ഭർത്താവും പോലീസ് പിടിയിലായിരുന്നു.
കൊലപാതകത്തിലേയ്ക്ക് നയിച്ചത് മയക്കുമരുന്നു ലഹരിയിലാണെന്ന് വസ്തുതയും എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആശങ്കയുണർത്തുന്നു. മൂത്തപുത്രനായ രാംകുമാറിനോട് അമിത വാത്സല്യം കാട്ടിയതിനാണ് ഇളയമകൻ രാജ്കുമാർ അമ്മയുടെ ജീവനെടുത്തത്. എസ്റ്റേറ്റിൽ ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവർ ഒരു സുപ്രഭാതത്തിൽ ക്രിമിനലുകളാണെന്ന വിവരം നാട്ടുകാർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ ദാരുണമായി കൊന്ന രീതിയും പശ്ചാത്തലവുമാണ് മൂന്നാറിലെ എസ്റ്റേറ്റു മേഖലകളിൽ ഭീഷണി സൃഷ്ടിക്കുന്നത്.
ഇളയ പുത്രന്റെ അമിതമയക്കുമരുന്നു ഉപയോഗം പലപ്പോഴും അമ്മ വിലക്കിയിരുന്നു. ഇളയപുത്രന്റെ ദുർന്നടപ്പിനെ ശക്തമായി എതിർത്തിരുന്ന രാജഗുരുവിന് കാര്യങ്ങൾ അറിയാമെങ്കിലും അതൊഴിവാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാതിരുന്നതും അവർക്ക് വിനയായി മാറുകയായിരുന്നു.
പുറം ലോകവുമായി അധികം ബന്ധമൊന്നുമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലുള്ള ഗുണ്ടുമല പോലുള്ള എസ്റ്റേറ്റിൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്നു എങ്ങനെ സുലഭമായി ലഭിക്കുന്നതിന് അവസരമൊരുങ്ങി എന്ന ചോദ്യവും നാട്ടുകാരിൽ ഉയർന്നിട്ടുണ്ട്.
കേരള തമിഴ്നാട് അതിർത്തികളിലൂടെയെത്തുന്ന കഞ്ചാവ് എസ്റ്റേറ്റുകളിൽ സുലഭമായി ലഭിക്കുകയും രാജ്കുമാറിനെപ്പോലുള്ളവർ അതിന് അടിമകളാകുന്നുവെന്നതിനും തെളിവാണ് ഈ സംഭവം. ലഹരിയ്ക്കടിമപ്പെട്ട് ക്രിമിനൽ പശ്ചാത്തലം ഉണ്ടാകുന്നത് രക്ഷിതാക്കൾക്കാണ് കൂടുതൽ ആശങ്കയുണർത്തുന്നത്. കൃത്യം നടന്ന് ഒരു വർഷത്തിനു ശേഷമാണ് പ്രതികൾ പിടിയിലായതെന്നും ശ്രദ്ധേയമാണ്.
ഗുണ്ടുമല പോലെ കുറച്ചാളുകൾ മാത്രമുള്ള ഒരു സ്ഥലം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു വർഷത്തോളം പ്രതികൾ പിടികൊടുക്കാതെ കഴിഞ്ഞതും ചോദ്യങ്ങളുയർത്തുന്നുണ്ട്. മയക്കുമരുന്നു ശീലമുള്ള പ്രതിയ്ക്ക് പോലീസിന്റെ ചോദ്യങ്ങൾക്കു മുന്പിൽ സ്ഥിരം കുറ്റവാളികളെപ്പോൽ തന്ത്രപൂർവ്വം പിടിച്ചുനിൽക്കാൻ സാധിച്ചതും എസ്റേറ്റുവാസികളിൽ ഭീതി ജനിപ്പിക്കുന്നു.
മകനെ രക്ഷിക്കാൻ പിതാവ് മണികുമാർ നടത്തിയ ശ്രമങ്ങളും ഞെട്ടിപ്പിക്കുന്നതായിരുന്നു. മകനെ രക്ഷിക്കാൻ എസ്റ്റേറ്റിലുള്ള സൂഹൃത്തിനെയാണ് കുടുക്കാൻ മണികുമാർ തീരുമാനിച്ചത്. അതു തന്നെ ഫലത്തിൽ വിനയാവുകയും ചെയ്തു. പൊതുവെ ശാന്തമായി പെരുമാറുന്ന മണികുമാറിന് സുഹൃത്തുക്കൾക്ക് സംഭവം ഇനിയും വിശ്വസിക്കാനായിട്ടില്ല.
പോലീസുകാരുടെ ചോദ്യങ്ങൾക്ക് വളരെ സൗമ്യമായാണ് മണികുമാറും രാജ്കുമാറും പ്രതികരിച്ചിരുന്നത്. എസ്റ്റേറ്റ് മേഖലയെ നടുക്കിയ കൊലയുടെ ചുരുളഞ്ഞതിലൂടെ ഉറക്കം നഷ്ടപ്പെടുന്നത് തോട്ടത്തിൽ പകലന്തിയോളം പണിയെടുക്കുന്ന തൊഴിലാളികൾക്കു തന്നെയാണ്.