മൂന്നാർ: ആന്ധ്രയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ യാത്ര ചെയ്ത കാർ നിയന്ത്രണം വിട്ട് 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് പിഞ്ചു കുഞ്ഞ് ഉൾപ്പെടെ രണ്ടു പേർ മരിച്ചു.
മൂന്നാർ ലോക്കാ ഗ്യാപിൽ ഗ്രേറ്റ് എസ്കേപ്പ് റിസോർട്ടിനു സമീപമായിരുന്നു അപകടം.
നിയന്ത്രണം വിട്ടു റോഡിൽ നിന്നും താഴേക്കു മറിഞ്ഞ കാർ താഴ്വാരത്തെ മറ്റൊരു റോഡിലാണ് പതിച്ചത്.
ആന്ധ്രാ സ്വദേശികളായ നൗഷാദ് (38) , എട്ടു മാസം പ്രായമുള്ള നൈസ എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെയായിരുന്നു അപകടം.
പൂപ്പാറ ഭാഗത്ത് നിന്നും രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തിൽപെട്ടത്. കുഞ്ഞുൾപ്പെടെ ഒൻപതു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
പരിക്കേറ്റ ഏഴു പേരെ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞെത്തിയ പോലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.