മൂന്നാർ: ചുരുട്ടിപ്പിടിച്ച കൈ നിവർത്തി നീട്ടിയ ആ നോട്ടിൽ വിലയിടാനാവാത്ത മൂല്യമുണ്ട്. ഒരുനേരത്തേ വിശപ്പടക്കാൻ മറ്റുള്ളവരുടെ മുന്പിൽ കൈനീട്ടുന്ന ഭാസ്കരൻ ജില്ലാ പഞ്ചായത്തംഗം എസ്. വിജയകുമാറിനു മുന്നിലേക്കാണ് പത്തു രൂപയുടെ നോട്ട് നീട്ടിയത്.
രാവിലത്തെ ചായ കുടിക്കാൻ ആരോ നൽകിയ പത്തുരൂപയാണ് ഭാസ്കരൻ നൽകിയത്. വയനാട്ടിലെ പ്രളയബാധിതർക്ക് തണലേകാൻ സഹായങ്ങൾ സ്വീകരിക്കുന്നു എന്ന വാർത്തകേട്ട് എത്തിയതാണ് ഭാസ്കരൻ. വയനാട്ടിലെ പ്രളയബാധിതർക്ക് സഹായം നൽകണമെന്ന് പരിപാടി ഉദ്ഘാടനംചെയ്തു പ്രസംഗിക്കവെ മൂന്നാർ ഡിവൈഎസ്പി രമേഷ്കുമാർ പറഞ്ഞതോടെയാണ് പോക്കറ്റിലുണ്ടായിരുന്ന പത്തു രൂപ ഭാസ്കരൻ സംഭാവനയായി നൽകിയത്.
ഭാസ്കരന് അല്പം ബുദ്ധിമാന്ദ്യമുണ്ടെങ്കിലും നാട്ടുകാരെ സംബന്ധിച്ചിടത്തോളം അത് ഒരു കുറവല്ല. നാട്ടുകാർക്ക് ഭാസ്കരൻ ഭാസ്കരൻ ചേട്ടനും അണ്ണനുമെല്ലാമാണ്. കൃത്യമായറിയില്ലെങ്കിലും എഴുപതിനോടടുത്ത് പ്രായമുണ്ട്. ചെറുപ്രായത്തിൻ മൂന്നാർ ടൗണിൽ എത്തിപ്പെട്ടതാണ്. പിന്നെ മൂന്നാറിൽ തന്നെയായിരുന്നു ജീവിതം.
കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്കും ചിരപരിചിതനായ ഭാസ്കരന്റെയടുത്തു ചെല്ലുവാൻ ആർക്കും മടിയില്ല. എല്ലാവർക്കും നിറഞ്ഞ പുഞ്ചിരി സമ്മാനിക്കുന്ന ഭാസ്കരന്റെ വലുപ്പം മൂന്നാറിൽമാത്രം ഒതുങ്ങുന്നതല്ല. മൂന്നാർ ടൗണിൽ അടങ്ങിയൊതുങ്ങി കഴിയുന്ന ഭാസ്കരന്റെ കൊച്ചുജീവിതത്തിനിടയിൽ അദ്ദേഹത്തിനൊരു വലിയ മനസുണ്ടെന്ന് തിരിച്ചറിഞ്ഞത് ഒരു വൈദികനാണ്.
ആലുവ പൊന്തിഫിക്കൽ സെമിനാരിയിലെ പ്രഫസറും നിരവധി പ്രബന്ധങ്ങളുടെ രചയിതാവുമായ ഫാ. ചാക്കോ പുത്തൻപറന്പിൽ എഴുതിയ പുസ്തകത്തിന്റെ പ്രചോദനംതന്നെ ഭാസ്കരനായിരുന്നു. പുസ്തകത്തിന്റെ പേരും ചെറുതല്ല. “അമേരിക്കയിലെ ബെഞ്ചമിൻ ഫ്രാങ്കലിനും മൂന്നാറിലെ ഭാസ്കരനും’.