കോട്ടയം: സമീപദിവസങ്ങളിൽ പതിവില്ലാതെയുണ്ടായിരിക്കുന്ന കൊടും തണുപ്പ് വരാനിരിക്കുന്ന കടുത്ത വേനലിലേക്കുള്ള സൂചനയാകാമെന്ന് കാലാവസ്ഥാ വിദഗ്ധർ. പുലർച്ചെ 12 ഡിഗ്രി വരെ താപനില താഴുകയും രാവിലെ പത്തോടെ ചൂട് വർധിച്ച് 35 ഡിഗ്രിയിൽ എത്തുകയും ചെയ്യുന്നു. ഒരാഴ്ചയായി പകൽച്ചൂട് 33 ഡിഗ്രി മുതൽ 35 ഡിഗ്രിവരെയാണ്.
രാത്രികാല തണുപ്പ് കൂടുന്ന തോതിനൊപ്പം പകൽതാപനിലയും വർധിച്ചുവരുന്നു. വൈകുന്നേരം ആറിനു ശേഷം പെട്ടെന്ന് തണുപ്പിലേക്കെത്തുന്നു. പുലർച്ചെ നന്നായി മഞ്ഞുവീഴ്ചയുമുണ്ട്. റബർ ഉത്പാദനത്തിൽ വലിയ വർധനവാണ് ഇതുവഴിയുണ്ടായിരിക്കുന്നത്.
എന്നാൽ തണുപ്പ് മാറി ചൂട് കൂടിയാലുടൻ പാലിന്റെ ലഭ്യത പെട്ടെന്ന് കുറയും. വാഗമണ്‍, കുട്ടിക്കാനം എന്നിവിടങ്ങളിൽ ഈ ദിവസങ്ങളിലെ കനത്ത മഞ്ഞ് ഗതാഗതതടസവുമുണ്ടാക്കുന്നു.
കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തിനു തുടർച്ചയായി കടുത്ത വേനലിലേക്കുള്ള നീക്കമാണിതെന്ന് കാലാവസ്ഥാ വിഭാഗം സംശയിക്കുന്നു. മേൽമണ്ണിന് കടുത്ത ചൂടുണ്ടായി ജലാംശം വറ്റിയാൽ കൃഷിയെ പ്രതികൂലമായി ബാധിക്കും.
നടീൽ കൃഷികൾക്കും തൈകൾക്കും അടുത്ത മാസം വെള്ളം നൽകേണ്ടിവരും. ഇപ്പോഴത്തെ സൂചനയനുസരിച്ച് ഫെബ്രുവരി ആദ്യവാരം വരെ തണുപ്പ് തുടരും. ഫെബ്രുവരിയിൽ പകൽതാപനില 37 ഡിഗ്രിയിലേക്ക് ഉയരും. മാർച്ചിൽ ചൂട് കഴിഞ്ഞ വർഷത്തേക്കാൾ കൂടിയേക്കാം.