മൂന്നാർ: യുവതിയായ ഭാര്യ വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൂന്നാർ പെരിയവര എസ്റ്റേറ്റിലെ പ്രവീണ്‍കുമാറി (24) നെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 16നാണ് പ്രവീണ്‍കുമാറിന്റെ ഭാര്യ ശ്രീജ(19)യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങൾ മൂലം ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആദ്യ നിഗമനം.
എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രവീണ്‍കുമാറിന്റെ മാനസിക, ശാരീരിക പീഡനം മൂലമാണ് ശ്രീജ ജീവനൊടുക്കിയതെന്നു കണ്ടെത്തിയത്.
വിവാഹത്തിനുശേഷം ഇയാൾ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടാക്കിയതിനെ ഭാര്യ എതിർത്തതോടെയാണ് ഉപദ്രവം തുടങ്ങിയതെന്നു പോലീസ് പറയുന്നു.
രണ്ടു വർഷം മുന്‍പാണ് പ്രവീണ്‍കുമാറുമായി ശ്രീജ പ്രണയത്തിലായി വിവാഹം കഴിച്ചത്. ഭാര്യയെ സംശയിച്ചിരുന്ന പ്രവീണിന്റെ മനോഭാവംമൂലം യുവതി മാനസിക പീഡനം അനുഭവിച്ചു വരികയായിരുന്നുവെന്നും പറയുന്നു.
മൂന്നാർ എസ്എച്ച്ഒ മനേഷ് കെ. പൗലോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.