ഇടുക്കി: മൂന്നാറിലെ വൻകിട കൈയേറ്റക്കാരുടെ പട്ടിക റവന്യൂവകുപ്പ് തയാറാക്കി. പട്ടികയിൽ പ്രമുഖരും ഉൾപ്പെട്ടി ട്ടുണ്ടെന്നാണ് റിപ്പോർട്ട്. മൂന്നാർ മേഖലയിൽ മാത്രം 154 കൈയേറ്റങ്ങൾ ഉണ്ടെന്നാണ് ജില്ലാ ഭരണകൂടം കണ്ടെ ത്തിയിട്ടുള്ളത്. ഏറ്റവും കൂടുതൽ സ്ഥലം കൈയേറിയിട്ടുള്ളത് ചിന്നക്കനാലിലെ സക്കറിയ എന്നയാളുടെ കുടുംബമാണെന്നാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. 27 പേരുടെ പട്ടികയാണ് പ്രാഥമികമായി തയാറാക്കിയിരിക്കുന്നത്.
മന്ത്രി എം.എം.മണിയുടെ സഹോദരൻ എം.എം.ലംബോധരനും മകൻ ലിജീഷും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ടോമിൻ തച്ചങ്കരി ഐപിഎസിന്റെ സഹോദരനും മൂന്നാറിലെ വൻകിട കൈയേറ്റക്കാരുടെ ലിസ്റ്റിലുണ്ട്. ചിന്നക്കനാൽ, ദേവികുളം എന്നീ പ്രദേശങ്ങളിലെ സിപിഎം പ്രാദേശിക നേതാക്കളും റവന്യൂവകുപ്പിന്റെ പട്ടികപ്രകാരം വൻകിട കൈയേറ്റക്കാരാണ്.
അതേസമയം കൈയേറ്റം നടത്തിയെന്ന ആരോപണം നേരിടുന്ന സിപിഎം എംഎൽഎ എസ്.രാജേന്ദ്രന്റെ പേര് പ്രാഥമിക പട്ടികയിലില്ല. നേരത്തെ, രാജേന്ദ്രന്റെ കൈവശമുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
കെഎസ്ഇബിയുടെ 100 ഏക്കറിലേറെ ഭൂമിയും കൈയേറിയിട്ടുണ്ടെന്നാണ് വിവരം. കെഎസ്ഇബിയുടേത് ഉൾപ്പടെ അഞ്ച് സർക്കാർ വകുപ്പുകളുടെ ഭൂമിയും അന്യാധീനപ്പെട്ടിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പരിശോധനയിൽ ബോധ്യപ്പെട്ടിരിക്കുന്നത്. അതേസമയം കൊട്ടക്കമ്പൂർ, വട്ടവട വില്ലേജുകളിലെ കൈയേറ്റം സംബന്ധിച്ച് പട്ടികയിൽ പരാമർശങ്ങളൊന്നും തന്നെയില്ലെന്നാണ് വിവരം.