മൂന്നാർ: പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മൂന്നാറിലെ ഗ്യാപ് റോഡ് ആധുനിക രീതിയിൽ നിർമിച്ചതോടെ ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം കുത്തനേ ഉയരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുംനിന്നുള്ള നിരവധിപ്പേരാണ് സമീപനാളിൽ നിയമലംഘനത്തിന്റെ പേരിൽ പിടിയിലായത്.
പച്ചപ്പുനിറഞ്ഞ തേയിലത്തോട്ടങ്ങളും ദൃശ്യവിരുന്നൊരുക്കുന്ന കാഴ്ചകളുമാണ് വാഹനത്തിൽ തലയും കൈയുമെല്ലാം പുറത്തിടാനും ഡോറിൽ കയറിയിരുന്നു യാത്ര ചെയ്യാനും സഞ്ചാരികളെ പ്രേരിപ്പിക്കുന്നത്. സമീപനാളിൽ മാത്രം എട്ടോളം വാഹനങ്ങളാണ് മോട്ടോർവാഹന വകുപ്പിന്റെ പിടിയിലായത്. ഇതിൽ ചില ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
അന്തർസംസ്ഥാന വാഹന രജിസ്ട്രേഷൻ ഉടമകളും ഒന്നുമറിയാതെ കേസിൽപ്പെട്ടു. നിരത്തിൽ ട്രാഫിക് നിയമലംഘനം സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഒരുപരിധിവരെയെങ്കിലും കേസിൽപ്പെടുന്നത് ഒഴിവാക്കാൻ കഴിയുമായിരുന്നു. നിയമലംഘനം നടത്തിയവരിൽ ഭൂരിഭാഗവും യുവാക്കളായിരുന്നു.
വാഹനങ്ങളിൽ അപകടകരമായ രീതിയിൽ യാത്രചെയ്യുന്നത് മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടികളുമായി രംഗത്തെത്തിയത.് എന്നാൽ നിയമലംഘനത്തിന് അറുതിവരുത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. അഭ്യാസ പ്രകടനങ്ങൾ ആവർത്തിക്കപ്പെട്ടതോടെ ലോക്കാട് ഗ്യാപ്പിലും മാട്ടുപ്പെട്ടി പ്രദേശങ്ങളിലുമായി ഉദ്യോഗസ്ഥർക്ക് ഇടംവലം തിരിയാൻ സമയമില്ലാതെ നിരീക്ഷണവുമായി രംഗത്തിറങ്ങേണ്ട സാഹചര്യമാണുള്ളത്.
ദൃശ്യഭംഗിയിൽ മതിമറന്ന്
കൊച്ചി-ധനുഷ്കോടി ദേശീയപാത 85ന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള നിർമാണം പൂർത്തിയായോടെയാണ് യുവാക്കളുടെ സാഹസിക യാത്ര ആരംഭിച്ചത്. നഗരങ്ങളിലെ തിരക്കേറിയ പാതകളിൽ നിന്നും ഹൈറേഞ്ചിലെത്തുന്നതോടെ വേറിട്ട യാത്രാനുഭവം ഉണ്ടാകുന്നതിന്റെ ത്രില്ലിലാണ് ഇവർ അഭ്യാസപ്രകടനവുമായി രംഗത്തെത്തുന്നത്.
ഇരുവശത്തുമുള്ള തേയിലക്കാടുകൾ, അരിച്ചിറങ്ങുന്ന കോടമഞ്ഞ്, ചോലവനങ്ങളുടെ മനോഹാരിത, റോഡിന്റെ നിർമാണ വൈഭവം എന്നിവയെല്ലാം മൊബൈലിൽ പകർത്താനാണ് ഓടുന്ന വാഹനത്തിൽ തലയുൾപ്പെടെ ശരീര ഭാഗങ്ങൾ പുറത്തിട്ട് യാത്ര ചെയ്യുന്നത്.അതിസാഹസിക യാത്രയുടെ ചിത്രം പകർത്തി സോഷ്യൽ മീഡിയവഴി പ്രചരിപ്പിച്ച് കൂടുതൽ ലൈക്കും ഷെയറും നേടാനും ചിലർ ഇതിനെ ഉപയോഗിക്കുന്നുണ്ട്.
ഫോട്ടോ ഷൂട്ട് ചെയ്യുന്പോൾ റോഡിനെക്കുറിച്ചുള്ള അവബോധമോ എതിർദിശയിൽനിന്നും മറ്റും വരുന്ന വാഹനങ്ങളും പലപ്പോഴും ശ്രദ്ധയിൽപ്പെടാറില്ല. ഇതു വലിയ അപകടത്തിനു കാരണമാകും. നിയമലംഘനങ്ങളുടെ പേരിൽ യുവാക്കൾ നിരന്തരം കേസുകളിൽപ്പെടുന്പോൾ അവരുടെ ഭാവിയെക്കൂടിയാണ് ഇതു ബാധിക്കുന്നതെന്ന ചിന്ത ഇവർക്കില്ല.
പിടിയിലാകുന്നത് യുവാക്കൾ
കഴിഞ്ഞ ദിവസങ്ങളിൽ നിയമലംഘനത്തിനു നടപടി നേരിടേണ്ടിവന്നവരിൽ ഏറെയും 20നും30നും മധ്യേ പ്രായമുള്ളവരാണ്. നിയമലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടി യെടുത്തിട്ടും ഇവ ആവർത്തിക്കപ്പെടുന്നത് ചോദ്യചിഹ്നമായി മാറുകയാണ്.ഇടുക്കി ട്രാഫിക് എൻഫോൻസ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ ഗ്യാപ് റോഡിലെ നിയമലംഘനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിച്ചുവരുന്നത്.
അടിമാലി, ദേവികുളം, ഉടുന്പൻചോല എന്നിവിടങ്ങളിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് ലോക്കാട് ഗ്യാപ്പിൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടും നിയമലംഘ നം തടയുന്നതിൽ കാര്യമായ ഫലമുണ്ടായില്ല. ഓരോ ദിവസവും രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം വർധിക്കുകയാണ്. അതിർത്തിയിൽ ബോർഡ് സ്ഥാപിച്ച് ബോധവത്കരണ ശ്രമം നടത്തിയിട്ടും കാര്യമായ ഗുണം ചെയ്തിട്ടില്ല.
കണ്ട്രോൾ റൂം തുറക്കും
ലോക്കാട് ഗ്യാപ്പിലെ തുടർച്ചയായ നിയമലംഘനങ്ങൾ തടയുന്നതിന് കർശന നടപടികളാണ് മോട്ടോർവാഹന വകുപ്പ് സ്വീകരിച്ചുവരുന്നത്. പ്രത്യേക സംഘത്തെതന്നെ നിയോഗിച്ചാണ് നിയമലംഘനങ്ങൾ തടയാനുള്ള ശ്രമങ്ങൾ നടത്തുന്നത്.ഒരേ സമയം തന്നെ വിവിധ റോഡുകളിൽ ഇത്തരത്തിലുള്ള അഭ്യാസ പ്രകടനം നടത്തുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ട്. കർശന നടപടികൾ സ്വീകരിക്കുന്നതിനിടയിലും ഇത്തരം യാത്രകൾ പതിവാകുന്നത് വാഹന വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്.
പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള വഴികളാണ് മോട്ടോർവാഹന വകുപ്പ് തേടുന്നത്. ഇതിന്റെ ഭാഗമായി ലോക്കാട് ഗ്യാപ്പ് റോഡിൽ ട്രാഫിക് കണ്ട്രോൾ റൂം ഉടൻ തുറക്കും.നിയമലംഘനം നടത്തുന്നവരിൽ കൂടുതൽ പേരും അന്യസംസ്ഥാനങ്ങളിൽനിന്നു വരുന്ന യുവാക്കളായതിനാൽ ഇവിടങ്ങളിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് സംയുക്തമ നടപടി സ്വീകരിക്കുമെന്ന് ഇടുക്കി ട്രാഫിക് എൻഫോഴ്സ്മെന്റ് ആർടിഒ കെ.കെ.രാജീവ് പറഞ്ഞു.