മൂന്നാർ: നിയമ ലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരേ നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിലും മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും വാഹനത്തിൽ അഭ്യാസ പ്രകടനം.
തെലുങ്കാന രജിസ്ട്രേഷനുള്ള വാഹനത്തിലായിരുന്നു ഇത്തവണ യുവാവ് സാഹസിക യാത്ര നടത്തിയത്.അഭ്യാസപ്രകടനം നടത്തിയ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. തെലുങ്കാനയിൽനിന്നു മൂന്നാർ സന്ദർശനത്തിനെത്തിയ യുവാക്കളാണ് അഭ്യാസപ്രകടനം നടത്തിയത്.
കാറിന്റെ ഡോറിൽ ഇരുന്ന് വിൻഡോയിലൂടെ ശരീരം പാതി പുറത്തിട്ടായിരുന്നു ഇത്തവണത്തെയും അഭ്യാസ പ്രകടനം.ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒയുടെ സ്പെഷൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ ദേവികുളത്ത് വച്ചാണ് വാഹനം പിടികൂടിയത്.
വാഹനം മൂന്നാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വാഹനത്തിന്റെ ഡ്രൈവറോട് തൊടുപുഴ ഇൻഫോഴ്സ്മെന്റ് ആർടിഒ മുൻപാകെ ഹാജരാകാൻ നിർദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയ നിയമലംഘനങ്ങളിലും മോട്ടോർവാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു.