മൂന്നാർ: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള മൂന്നാര്‍ സംരക്ഷണ സമിതി ഇടുക്കിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ വിനോദ സഞ്ചാരികളെ തടഞ്ഞ ഹർത്താൽ അനുകൂലികളായ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ ടൗണിൽ രാവിലെ വിദേശ വിനോദസഞ്ചാര സംഘവുമായി എത്തിയ വാഹനം തടഞ്ഞ് നിര്‍ത്തി ഹര്‍ത്താല്‍ അനുകൂലികള്‍ ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. പോലീസ് നോക്കി നിൽക്കെ ഇവർ അസഭ്യവർഷം നടത്തിയെന്നും പരാതിയുണ്ട്.
മൂന്നാർ മേഖലയിലെ പത്തു പഞ്ചായത്തുകളിൽ ഇന്ന് രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂന്നാറിലെ ഭൂപ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗതീരുമാനങ്ങൾ നടപ്പിലാക്കുക, നിർമാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക, ഇഎഫ്എൽ ആക്ട് ഉൾപ്പെടെയുള്ള കരിനിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.
സിപിഐ വിഴുപ്പിനെ ചുമക്കേണ്ടതില്ലെന്ന് ജില്ലയിൽനിന്നുള്ള സംസ്ഥാന മന്ത്രി എം.എം. മണി പരസ്യപ്രസ്താവന നടത്തിയതിനു പിന്നാലെ സിപിഎം ആഹ്വാനം ചെയ്തിരിക്കുന്ന മൂന്നാർ ഹർത്താൽ സംസ്ഥാന ശ്രദ്ധ നേടും.