അതിശൈത്യമെത്തിയ മൂന്നാറിലെ തണുപ്പ് ആസ്വദിക്കാൻ നൂറുകണക്കിനു സന്ദർശകർ മൂന്നാറിലെത്തുന്നു. മൈനസ് മൂന്നു ഡിഗ്രി വരെയെത്തിയ തണുപ്പ് ആസ്വദിക്കാൻ രാവിലെയും വൈകുന്നേരവും നിരവധി പേരാണ് എത്തുന്നത്.
പുതുവർഷപ്പിറ്റേന്നു പുലർച്ചെയാണ് തണുപ്പ് ഇത്തവണ കൂടുതൽ അനുഭവപ്പെട്ടത്. മീശപ്പുലിമല, ഓൾഡ് ദേവികുളം, ഗൂഡാരവിള, ചെണ്ടുവര, സെലന്റ് വാലി, കുണ്ടള, കന്നിമല, നയമക്കാട് എന്നിവിടങ്ങളിൽ മൈനസ് മൂന്നു ഡിഗ്രിയായിരുന്നു തണുപ്പ്. മാട്ടുപ്പെട്ടി, ലക്ഷ്മി, സെവൻമല, ചൊക്കനാട്, പഴയ മൂന്നാർ, മൂന്നാർ ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളിൽ മൈനസ് രണ്ട് ഡിഗ്രിവരെ തണുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തി.
പഴയ മൂന്നാർ ഹെഡ്വർക്സ് ഡാമിലെ ജലാശയം
പുൽമേടുകളിൽ മലനിരകളിലും തേയിലച്ചെടികൾക്കു മുകളിലും വീണുകിടക്കുന്ന മഞ്ഞുകണങ്ങളാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ചൊക്കനാട്, പഴയ മൂന്നാർ, ഹെഡ് വർക്സ് ഡാം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം സന്ദർശകരെത്തുന്നത്.
കനത്ത മഞ്ഞുവീഴ്ചയും തുടർന്നുള്ള ശക്തമായ വെയിലും തേയിലച്ചെടികൾക്കു വിനയായി മാറുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇലകളിലെ ഐസ് വെയിലേറ്റ് ഉരുകുന്പോൾ തേയില ഇലകളും കരിഞ്ഞുണങ്ങും.