അടിമാലി: പ്രളയത്തിൽ താറുമാറായ ഇടുക്കിയുടെ വിനോദസഞ്ചാര മേഖല ഉയിർത്തെഴുന്നേറ്റു. ജില്ലയിലെ വിവിധ ടൂറിസം മേഖലകളിൽ തിരക്കായി. മൂന്നാർ മേഖലയിലടക്കം അവധിക്കാല വേളകളിലുണ്ടായ സഞ്ചാരികളുടെ തിരക്ക് ഇടുക്കിയിലേക്കുള്ള ടൂറിസ്റ്റുകളുടെ തിരിച്ചുവരവ് പ്രകടമാക്കുന്നതായിരുന്നു.
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ മൂന്നാർ ഉൾപ്പെടെയുള്ള മേഖലകളിൽ വിന്റർ കാർണിവൽ ഉൾപ്പെടെയുള്ള പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. സ്തംഭനാവസ്ഥയിലായ വ്യാപാര മേഖലയും അടച്ചുപൂട്ടലിന്റെ വക്കിലായ ആയിരക്കണക്കിനു റിസോർട്ടുകളും ട്രെക്കിംഗ്, ഓഫ് റോഡ് ജീപ്പ് സർവീസ്, പാർക്കുകൾ എന്നിവയെല്ലാം പഴയ പ്രൗഢിയിലേക്ക് തിരിച്ചുവരികയാണ്. തകർന്നുകിടന്ന റോഡുകളെല്ലാം ഏറെക്കുറേ ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്.
പൊൻമുടി ഡാമും തൂക്കുപാലവും നാടുകാണിപ്പാറയിലെ വിസ്മയ വിദൂരക്കാഴ്ചകളും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായിരിക്കുകയാണ്. ഇടുക്കി അണക്കെട്ടും കാൽവരിമൗണ്ട് ടൂറിസ്റ്റുകേന്ദ്രവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. കാൽവരിമൗണ്ടിൽ ടൂറിസം ഫെസ്റ്റും സംഘടിപ്പിച്ചിട്ടുണ്ട്.
തെക്കിന്റെ കാഷ്മീരിൽ അനുഭവപ്പെടുന്ന അതിശൈത്യവും മഞ്ഞുവീഴ്ചയും മൂന്നാറിനെ മൈനസ് ഡിഗ്രിയിലേക്കെത്തിക്കുകയാണ്. മൂന്നാർ സെവൻമല, ചെണ്ടുവാര, നല്ലതണ്ണി, സൈലന്റ് വാലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ സെവൻമല, നല്ലതണ്ണി എന്നിവടങ്ങളിൽ മൈനസ് ഡിഗ്രിയോട് അടുത്തെത്തി. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മൂന്നാർ മൈനസിൽ എത്തുമെന്നാണ് പ്രതീക്ഷ.
മൂന്നാർ വിന്റർ കാർണിവലിന് ഇന്നലെ തുടക്കമായി. 26വരെ ദേവികുളം റോഡിലെ ബൊട്ടാണിക്കൽ ഗാർഡനിലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിന്റെ നേതൃത്വത്തിൽ വിന്റർ കാർണിവൽ നടക്കുന്നത്. ജെറിപ്രാ, ജെറാനിയം, ഡയാന്തസ്, മേരി ഗോൾഡ്, ആന്റിറിനം, സാൻവിയ, മെൽസ്റ്റോമ, പോയന്റ് സിറ്റിയ, മിനിയേച്ചർ ഡാലിയ, വിവിധ വർണങ്ങളിലുള്ള റോസുകൾ തുടങ്ങി നൂറിലധികം തരത്തിലുള്ള പൂക്കൾ ഉപയോഗിച്ചുള്ള പുഷ്പമേള, പ്രശസ്ത കലാകാരന്മാരുടെ നേതൃത്വത്തിലുള്ള മെഗാഷോകൾ, ഗാനമേളകൾ, നാടൻപാട്ട്, നാടൻ കലാരൂപങ്ങൾ, വിൽപന സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ, സെൽഫി പോയിന്റുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിനോദോപാധികൾ എന്നിവയാണ് കാർണിവലിനോടനുബന്ധിച്ചു തയാറാക്കിയിരിക്കുന്നത്.
കൂടുതൽ മഞ്ഞും തണുപ്പും എത്തുന്നതോടെ സഞ്ചാരികൾ അധികമായെത്തുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാര മേഖല. തൊടുപുഴയ്ക്കു സമീപത്തെ മലങ്കര അണക്കെട്ടിനോടു ചേർന്നുള്ള മലങ്കര ടൂറിസം പദ്ധതി ഭാഗികമായി യാഥാർഥ്യമായതോടെ ദിനംപ്രതി നിരവധി ടൂറിസ്റ്റുകളാണ് ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി എത്തുന്നത്. കുട്ടികളുടെ പാർക്ക്, എൻട്രൻസ് പ്ലാസ എന്നിവയാണ് നിലവിൽ പൂർത്തീകരിച്ചത്.
ജലാശയ തീരത്തെ നടപ്പാത, ബോട്ടിംഗ്, പൂന്തോട്ടം, ഇരിപ്പിടം തുടങ്ങി വിഭാവനം ചെയ്തിട്ടുള്ള പദ്ധതികൾ പൂർണമായി പൂർത്തീകരിച്ചാൽ ഇവിടേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം തന്നെയുണ്ടാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
മലങ്കരയുടെ ടൂറിസം സാധ്യത പുറംലോകത്തെത്തിക്കുന്നതിനും വിനോദസഞ്ചാരികളെ കൂടുതലായി ഇവിടേക്ക് ആകർഷിക്കുന്നതിനുമായി മലങ്കര ഫെസ്റ്റും സംഘടിപ്പിച്ചുവരുന്നു. ഇത്തവണത്തെ ഫെസ്റ്റ് ഇന്നലെയാണ് ആരംഭിച്ചത്.19നു സമാപിക്കും. ഇതോടനുബന്ധിച്ച് വിവിധ കലാ സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.