കൊച്ചി: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ഭൂ സംരക്ഷണ സേന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
എന്ത് അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിച്ചതെന്നറിയിക്കണമെന്ന് ഡിവിഷന് ബഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
ദേവികുളം ഉടുമ്പന്‍ചോല പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായിരുന്നു നടപടി. നേരത്തെ മൂന്നാര്‍ കേസുകള്‍ പരിഗണിക്കവേ അമിക്വസ് ക്യൂറി അഡ്വ. ഹരീഷ് വാസുദേവനാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
തുടര്‍ന്ന് സ്ഥലം മാറ്റ ഉത്തരവ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. സ്ഥലം മാറ്റാനുണ്ടായ സാഹചര്യം അറിയിക്കാനും കോടതി ഉത്തരവിട്ടു.
പള്ളിവാസലില്‍ നിര്‍മാണം നടക്കുന്ന വര്‍ഗീസ് കുര്യന് എന്നയാളുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന് എന്‍ ഒ സി നല്‍കിയത് സംബന്ധിച്ചും കോടതി റിപ്പോര്‍ട്ട് തേടി. ജില്ലാ ലീഗല്‍ ഓഫിസര്‍ എന്‍ഒസി നല്‍കരുതെന്ന് അറിയിച്ചിട്ടും ജില്ലാ കളക്ടറെ മറികടന്ന് ഡെപ്യൂട്ടി കളക്ടര്‍ എന്‍ ഒ സി നല്കിയതെങ്ങനയാണെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മൂന്നാറിലെ ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേ നടത്തുമ്പോള്‍ യഥാര്‍ഥ പട്ടയമാണോയെന്ന് പരിശോധിച്ചതിന് ശേഷമാകണമെന്നും ഡിവിഷന് ബഞ്ച് നിര്‍ദേശം നല്കി. വ്യജ പട്ടയവും മൂന്നാറിലെ ഭൂമി പ്രശ്നവും സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമറിയിക്കാനാണ് കോടതി ഉത്തരവ്.