മൂന്നാർ: ഹർത്താലുകൾ, പ്രളയം, കാലവർഷക്കെടുതികൾ, പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനം എന്നിവ സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിനെ ക്ഷീണിപ്പിക്കുന്പോൾ ഇതിന്റെ ഗുണംപറ്റി തമിഴ്നാട് ടൂറിസം മേഖല തഴച്ചുവളരുന്നു. മൂന്നാറിലേക്കു ബുക്കു ചെയ്തിരുന്ന ടൂറിസ്റ്റുകളെ ടൂറിസം ഏജൻസികൾ താരതമ്യേന സുരക്ഷിതവും മൂന്നാറിന്റേതിനു സമാന ഭൂപ്രകൃതിയുമുള്ള ഉൗട്ടി, കൊടൈക്കനാൽ തുടങ്ങിയ സ്ഥലങ്ങളിലേക്കു മാറ്റുന്നതാണ് മൂന്നാറിനു തിരിച്ചടിയാകുന്നത്.
മൂന്നാറിൽ ബുക്കുചെയ്യുന്ന സഞ്ചാരികൾക്ക് അപ്രതീക്ഷിത പ്രശ്നങ്ങളും തടസങ്ങളും നേരിടുന്നതാണു തമിഴ്നാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. മൂന്നാറിലേക്കു ടൂർ പ്ലാൻചെയ്ത ആയിരക്കണക്കിനു സഞ്ചാരികളാണ് മൂന്നാറിനെ ഉപേക്ഷിച്ചു മറ്റിടങ്ങൾ തെരഞ്ഞെടുക്കുന്നത്.
മുൻ വർഷങ്ങളുമായി താരതമ്യംചെയ്യുന്പോൾ കനത്ത തിരിച്ചടിയാണു മൂന്നാറിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഹോട്ടൽമുറികളിൽ 92 ശതമാനം ബുക്കിംഗുകൾ ഉണ്ടായിരുന്നപ്പോൾ ഈ വർഷം 30 ശതമാനം മാത്രമാണ് ബുക്കിംഗ് ഉണ്ടായിരുന്നതെന്ന് റിസോർട്ട് അസോസിയേഷൻ പറയുന്നു.
ടൂറിസ്റ്റുകളുടെ വരവിലും 50 ശതമാനത്തിലേറെ കുറവുണ്ടായിട്ടുണ്ട്. എട്ടു ലക്ഷത്തോളംപേർ വരുമെന്നു പ്രതീക്ഷിച്ചിരുന്ന കുറിഞ്ഞി സീസണിൽ എത്തിയത് ഒന്നരലക്ഷം പേർ മാത്രമാണ്. ടൂറിസ്റ്റുകളുടെ വരവ് പ്രതീക്ഷിച്ചു മുൻകൂട്ടി പാക്കേജുകൾ തയാറാക്കിയിരുന്ന ടൂറിസ്റ്റ് ഓപ്പറേറ്റർമാർക്കും ടൂറിസം സംഘാടകർക്കും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
പ്രളയത്തെതുടർന്ന് റോഡുകളും പാലങ്ങളും തകർന്നതും ടൂറിസത്തിന് ഇരുട്ടടിയായി. കുറിഞ്ഞി പൂത്ത സമയത്ത് പെരിയവരയിലെ പാലം തകർന്നതു വലിയ തിരിച്ചടിയാണു ടൂറിസത്തിനുണ്ടാക്കിയത്. മൂവായിരത്തോളംപേർ ദിവസവും സന്ദർശിച്ചിരുന്ന രാജമലയിൽ പ്രളയത്തെത്തുടർന്ന് ദിവസങ്ങളോളം അഞ്ഞൂറിൽതാഴെ മാത്രം ആളുകളാണെത്തിയത്.
ടൂറിസത്തിന്റെ തകർച്ച വ്യാപാര മേഖലയിലും കനത്ത നഷ്ടമാണുണ്ടാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കച്ചവടമില്ലാതെ കടകൾ പൂട്ടിയിടേണ്ട സാഹചര്യംവരെയുണ്ടായി. കരാർ അടിസ്ഥാനത്തിൽ ലക്ഷങ്ങൾ മുടക്കി ഹോട്ടലുകൾ, റിസോർട്ട്, കടകൾ തുടങ്ങിയവ എടുത്തവർ വലിയ സാന്പത്തിക പ്രതിസന്ധിയാണു നേരിടുന്നത്.