തൊടുപുഴ: മൂന്നാറില്‍ വീണ്ടും ഒഴിപ്പിക്കല്‍ തുടങ്ങി. ചിന്നക്കനാല്‍ സിമന്റ്പാലത്തിനു സമീപം രണ്ട് ഏക്കര്‍ 20 സെന്റ് ഭൂമിയാണ് ദൗത്യ സംഘം ഏറ്റെടുത്തത്. അടിമാലി സ്വദേശി ജോസ് ജോസഫ് കൈവശം വച്ചിരുന്ന ഭൂമിയാണ് ദൗത്യ സംഘം ഒഴിപ്പിച്ച് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചത്.
ഏലം കൃഷി ചെയ്തിരുന്ന ഭൂമിയാണ് ഇന്നു രാവിലെ ഒഴിപ്പിച്ചത്. ജോസും കുടുംബവും താമസിക്കുന്നത് ഇവിടെയായതിനാല്‍ ഇവിടെ നിന്ന് ഒഴിഞ്ഞു പോകാന്‍ ഒരു മാസത്തെ സമയം അനുവദിച്ചു.
സബ് കളക്ടര്‍ അരുണ്‍ എസ്.നായരുടെ നേതൃത്വത്തിലാണ് ദൗത്യസം ഘമെത്തിയത്. ഇതിനിടെ ചെറുകിട കര്‍ഷകരെ ഒഴിപ്പിക്കുന്ന നടപടിക്കെതിരേ പ്രദേശത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആനവിരട്ടി വില്ലേജില്‍ അനധികൃതമായി കൈവശം വച്ചിരുന്ന 224.21 ഏക്കര്‍ സ്ഥലം ദൗത്യ സംഘം ഏറ്റെടുത്തിരുന്നു. 224.21 ഏക്കര്‍ സ്ഥലവും അതിലെ കെട്ടിടവുമാണ് ഏറ്റെടുത്തത്.
സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന കേസില്‍ സര്‍ക്കാരിന് അനുകൂലമായ വിധി ഉണ്ടായതിനെത്തുടര്‍ന്നാണ് നടപടി തുടങ്ങിയത്.
മൂന്നാര്‍ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ നേതൃത്വത്തില്‍ റവന്യൂ ,പോലീസ്, ഭൂസംരക്ഷണസേന എന്നിവരുടെ സഹായത്തോടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നത്.
ഒഴിപ്പിക്കലിനെതിരേ സിപിഎം ഉള്‍പ്പെടെ രംഗത്തുണ്ടെങ്കിലും നടപടികളുമായി മുന്നോട്ടു പോകാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം.