തൊടുപുഴ: മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിൽ റവന്യു വകുപ്പിനെ വിമര്‍ശിച്ച് സിപിഎം നേതാവ് എം.എം.മണി എംഎല്‍എ രംഗത്തെത്തി. മൂന്നാര്‍ മേഖലയില്‍ റദ്ദു ചെയ്ത പട്ടയങ്ങള്‍ കൊടുത്തു തീര്‍ക്കാതെ നടത്തുന്ന ഒഴിപ്പിക്കല്‍ നടപടി ശുദ്ധഅസംബന്ധമാണെന്നു മണി പറഞ്ഞു.
കുടിയേറ്റ കര്‍ഷകരെ കൈയേറ്റക്കാരെന്നു വിളിക്കരുത്. രാജഭരണ കാലത്ത് കൃഷിക്കായി വിട്ടുകൊടുത്ത ഭൂമിയാണ് ഇത്. ന്യായമായി ഭൂമിയില്‍ കൃഷി നടത്തുന്നവരെ ഒഴിപ്പിക്കരുത്.
ഇക്കാര്യത്തില്‍ റവന്യു വകുപ്പിന്റെ നടപടി സ്വാഗതം ചെയ്യുന്നില്ലെന്നും മണി പറഞ്ഞു. കുടിയൊഴിക്കലും ഇടിച്ചു നിരത്തിലും എല്‍ഡിഎഫിന്റെ നയമല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നടപടിയുമായി മുന്നോട്ട്: റവന്യുമന്ത്രി
കോഴിക്കോട്: കുടിയേറ്റവും കൈയേറ്റവും രണ്ടായി കാണുമെന്നും അഞ്ച് സെന്റില്‍ കുറവുള്ളവരെ ഒഴിപ്പിക്കിലല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്നും റവന്യു മന്ത്രി കെ. രാജന് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വന്‍കിട കൈയേറ്റങ്ങള്‍ക്കെതിരേ നടപടിയുണ്ടാകും.
മൂന്നാർ ദൗത്യത്തിന് സംസ്ഥാനത്തിന് മുന്നില്‍ മുൻ മാതൃകകൾ ഇല്ല. ജെസിബികളും കരിമ്പൂച്ചകളുമാണ് ദൗത്യത്തിന്റെ മുഖമുദ്ര എന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ദൗത്യം എന്നത് സിനിമാറ്റിക് ആക്ഷൻ അല്ല.
കൈയേറ്റം ഒഴിപ്പിക്കലില്‍ രാഷ്ട്രീയമായ എതിർപ്പുകൾ ഉൾപ്പെടെ ഉണ്ടായേക്കാം. പക്ഷേ, സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ട് പോകും. സാധാരണ ജനങ്ങളുടെ ജീവിതത്തിന് ഒരുവിധത്തിലും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയും സര്‍ക്കാരിനില്ല.
ഹൈക്കോടതി വിധി മാത്രമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സർക്കാരിന് യാതൊരു ധൃതിയുമില്ല. സിപിഎം നേതാവ് എം.എം. മണിയുടെ പരാമർശത്തില്‍ തൽകാലം മറുപടി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.