മൂന്നാറില്‍ മുല്ലപ്പൂ വിപ്ലവത്തിന് തുടക്കംകുറിച്ച പെമ്പിളൈ ഒരുമൈ അടിച്ചുപിരിയാനൊരുങ്ങുന്നു. ലിസി സണ്ണി- ഗോമതി വിഭാഗങ്ങള്‍ തമ്മിലുള്ള പോര് സാമ്പത്തികവിഷയങ്ങളിലേക്ക് കടന്നതോടെ സംഘടനയിലെ സ്ത്രീകള്‍ ഓരോരുത്തരായി കൊഴിയുന്നു. പണം തട്ടിയെന്ന ആരോപണവുമായി രണ്ടുവിഭാഗവും പോലീസിനെ സമീപിച്ചതോടെ പ്രശ്നം നിയമത്തിന്റെ മുന്നിലെത്തിയിരിക്കുകയാണ്. ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് കെട്ടിടം സ്വന്തമാക്കാനുള്ള പോരാട്ടത്തിലാണ് ഗോമതി-ലിസി പക്ഷങ്ങള്‍. അടുത്തിടെ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗോമതിയും കൂട്ടരും നടത്തിയ നിരാഹാര സമരമാണ് സംഘടനയിലെ പ്രശ്നങ്ങള്‍ പുറംലോകത്തെത്തിച്ചത്.
സംഘടനയുടെ ആരംഭം തെട്ടേ ലിസിയും ഗോമതിയും തമ്മിലുള്ള അസ്വസ്ഥത നിലനിന്നിരുന്നു. ഓഫീസ് സെക്രട്ടറി രാജേശ്വരിയുടെ നേതൃത്വത്തിലുളള വിഭാഗം ഓഫീസ് കൈയേറിയെന്നാരോപിച്ച് ലിസി സണ്ണി മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ ഭിന്നത രൂക്ഷമായി. ഓഫീസ് മുറി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട പരാതിയില്‍ ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ്, സെക്രട്ടറി രാജേശ്വരിയും കൂട്ടരും കൈയ്യേറിയെന്നും, ഓഫിസില്‍ ഉണ്ടായിരുന്ന രേഖകളും,97000 രുപയും, സംഭാവനകൂപ്പണുകളും, കടത്തിയെന്നും പറയുന്നു. ഇതേ സമയം, ബാങ്കില്‍ ഉണ്ടായിരുന്ന സംഘടനയുടെ ഒന്നര ലക്ഷത്തിലധികം രൂപ ലിസി, ട്രഷററായിരുന്ന സ്റ്റെല്ലാ മേരിയുടെ സഹായത്തോടെ തട്ടിയെടുത്തുവെന്നാണ് രാജേശ്വരിയുടെ ആരോപണം. കഴിഞ്ഞ ഒമ്പത് കമ്മിറ്റികളില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ഏപ്രില്‍ 16ന് ലിസിയെും സ്റ്റെല്ലാ മേരിയെയും ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നുവെന്ന് രാജേശ്വരി അവകാശപ്പെട്ടു.
സിപിഎമ്മില്‍ നിന്നും മടങ്ങി എത്തിയ ഗോമതിക്ക് പൊമ്പിളൈ ഒരുമൈ എന്ന സംഘടന പിടിച്ചെടുക്കുവാനുള്ള കളികളാണ് നിലവില്‍ നടക്കുന്നതെന്നാണ് ലിസി പക്ഷം ആരോപിക്കുന്നു. ഓഫിസ് സംബന്ധിച്ച രേഖകള്‍ ഹാജരാക്കുവാന്‍ പോലീസ് ഇരു വിഭാഗങ്ങളോടും ആവശ്യപ്പെട്ടു. ടൗണില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഓഫീസ് ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന ട്രഷറുടെ പേരിലാണെന്നും, ലിസിക്ക് സംഘടനയുമായി ഒരു ബന്ധവും ഇല്ലെന്നും അവര്‍ അവകാശപ്പെട്ടു. ഇക്കാര്യത്തില്‍ ആംആദ്മി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടില്ല.