മൂന്നാര്‍: പെരിയവരൈ എസ്റ്റേറ്റില്‍ രണ്ടു പശുക്കളെ കടുവ ആക്രമിച്ചു കൊന്നു. പെരിയവരൈ ലോവര്‍ ഡിവിഷനില്‍ നേശമ്മാളിന്റെ പശുക്കളെയാണ് കടുവ കൊലപ്പെടുത്തിയത്. തോട്ടത്തില്‍ മേയാന്‍ വിട്ടിരുന്ന പശുക്കള്‍ മടങ്ങി വരാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് ഇവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
ഇവിടെ കടുവയെ കണ്ടതായി ചില നാട്ടുകാരും നേരത്ത വിവരം നല്‍കിയിരുന്നു. വനംവകുപ്പധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനു സമീപത്തെ കന്നിമല എസ്റ്റേറ്റിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തോട്ടത്തിലൂടെ നടന്നു പോകുന്ന കടുവകളുടെ ചിത്രവും ലഭിച്ചിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 12 പശുക്കളാണ് പെരിയവരൈ എസ്റ്റേറ്റില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്നാര്‍ ടൗണില്‍ നിന്നു രണ്ടര കിലോമീറ്റര്‍ മാത്രം അകലെയാണ് പെരിയവരൈ എസ്റ്റേറ്റ്. ഒരു മലയ്ക്കപ്പുറമുള്ള പെരിയവരൈയില്‍ കടുവയുടെ ആക്രമണമുണ്ടായത് മൂന്നാര്‍ നിവാസികളെയു ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പടയപ്പയെ പോലെയുള്ള കാട്ടാനകളുടെ ഭീഷണി തുടരുന്നതിനിടെയാണ് കടുവയുടെ ഭീതിയും ഉയര്‍ന്നിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.