മൂന്നാർ: ദേവികുളം സബ് കളക്ടർക്കെതിരേ രൂക്ഷ വിമർശനവുമായി എസ് രാജന്ദ്രേൻ എംഎൽഎ. ദേവികുളം സബ് കളക്ടറുടേത് തരം താണ നാടകം കളിയാണ്. അതിനൊപ്പം നിൽക്കുന്ന റവന്യു മന്ത്രിക്ക് വേറെ പണിയൊന്നും ഇല്ലേ?. റവന്യു മന്ത്രി ഉൾപ്പെടെയുള്ളവർ സർക്കാരിനെ മോശക്കാരാക്കാൻ കൂട്ടുനിൽക്കുകയാണെന്നും എസ്.രാജേന്ദ്രൻ കുറ്റപ്പെടുത്തി.
ബുധനാഴ്ച മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കാൻ നേരിട്ടെത്തിയ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് സന്നാഹം കാഴ്ചകണ്ടു നോക്കിനിന്നു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുകൂടിയായ സബ് കളക്ടർ അക്രമികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിട്ടും പോലീസ് അനങ്ങിയില്ല.
പ്രശ്നം രൂക്ഷമായതോടെ ജില്ലാ കളക്ടർ റവന്യു മന്തിയുമായി ബന്ധപ്പെട്ട ശേഷം മുഖ്യമന്ത്രി ഇടപെട്ടു പ്രതിരോധക്കാരെ പിൻവലിച്ചു. സബ്കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ടു സിപിഎം നടത്തിയ സമരം ഫലംകാണാതെ അവസാനിപ്പിക്കേണ്ടിവന്നതിന്റെ അരിശം തീർക്കാൻ സിപിഎം രംഗത്തു വരുകയായിരുന്നെന്നാണ് ആരോപണം.