തൊടുപുഴ: മൂന്നാര്‍ മേഖലയില്‍ വീണ്ടും കാട്ടാനകള്‍ ഇറങ്ങി. മൂന്നാര്‍ ലോക്കാര്ഡ് എസ്റ്റേറ്റിലും അടിമാലി കല്ലാറിലുമാണ് കാട്ടാന ആക്രമണമുണ്ടായത്. ലോക്കാര്ഡ് എസ്റ്റേറില്‍ ഇറങ്ങിയ കാട്ടാനകള്‍ ഇവിടുത്തെ റേഷന്‍കട തകര്‍ത്തു.
കഴിഞ്ഞ മാസം കാട്ടുകൊമ്പന് പടയപ്പ തകര്‍ത്ത റേഷന്‍ കടയാണ് ഇന്നു പുലര്‍ച്ചെ കാട്ടാനക്കൂട്ടം വീണ്ടും തകര്‍ത്തത്. പുലര്‍ച്ചെ മൂന്നോടെ എത്തിയ മൂന്നു കാട്ടാനകള്‍ കട തകര്‍ത്ത് അരി പുറത്തെടുത്തിട്ട് തിന്നുകയായിരുന്നു.
മുമ്പും ലോക്കാര്ഡ് എസ്റ്റേറ്റിലെ റേഷന്‍ കടയ്ക്കു നേരേ കാട്ടാനയുടെ ആക്രമണമുണ്ടായിട്ടുണ്ട്. അടിമാലി കല്ലാറില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. രണ്ടേക്കറോളം വരുന്ന സ്ഥലത്തെ കൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്.
പടയപ്പയെ പ്രകോപിച്ചതിന് കേസെടുക്കുന്ന കാര്യം ആലോചനയില്‍
ഇതിനിടെ കാട്ടുകൊമ്പന് പടയപ്പയെ പ്രകോപിപ്പിച്ച യുവാക്കള്‍ക്കെതിരെ കേസെടുക്കുന്ന കാര്യം വനംവകുപ്പിന്റെ ആലോചനയിലാണ്. ശനിയാഴ്ചയാണ് കുണ്ടള ഈസ്റ്റ് ഡി വിഷനില്‍ ഇറങ്ങിയ പടയപ്പയെ യുവാക്കള്‍ പ്രകോപിപ്പിച്ചത്. ആനയ്ക്കു നേരേ കല്ലെറിഞ്ഞ ഇവരെ പ്രകോപിതനായ ആന വിരട്ടിയോടിക്കുകയും ചെയ്തു.
ദിവസങ്ങളായി ആന ജനവാസമേഖലയില്‍ തുടരുകയാണ്. ശനിയാഴ്ച രാവിലെ കുണ്ടളയിലെത്തിയ പടയപ്പ കാട്ടിലേക്ക് പിന്‍വാങ്ങിയെങ്കിലും, വൈകുന്നേരത്തോടെ തിരിച്ചെത്തുകയായിരുന്നു.
ഈ സമയത്താണ് ഏതാനും യുവാക്കള്‍ ആനയെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചത്. തേയിലത്തോട്ടത്തില്‍ നിന്നും കാട്ടിലേക്ക് മടങ്ങുന്ന ആനയുടെ പിന്നാലെയെത്തിയ യുവാക്കള്‍ ബഹളമുണ്ടാക്കിയും മറ്റും പ്രകോപിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
തേയിലത്തോട്ടത്തില്‍ നില്ക്കുന്ന ആനയെ കല്ലെറിയുന്ന രംഗങ്ങളും വീഡിയോയിലുണ്ട്. പിന്നീട് ആന യുവാക്കള്‍ക്കുനേരേ തിരിഞ്ഞപ്പോള്‍ അവര്‍ ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍ യുവാക്കള്‍ക്കെതിരെ കേസെടുത്താല്‍ ജനങ്ങളില്‍ നിന്നും എതിര്‍പ്പു നേരിടേണ്ടി വരുമോയെന്ന ആശങ്കയും വനംവകുപ്പിനുണ്ട്. നേരത്തെ കടലാറില്‍ കാട്ടാനയെ പ്രകോപിച്ചതിന്റെ പേരില്‍ യുവാക്കള്‍ക്കെതിരെ കേസടുത്തപ്പോള് വ്യാപക പ്രതിഷേധമാണ് വനം വകുപ്പിനെതിരെയുണ്ടായത്.
തുടര്‍ന്ന് കേസ് പിന്‍വലിക്കേണ്ട അവസ്ഥയുണ്ടായി. ഇതാണ് പടയപ്പയെ പ്രകോപിപ്പിച്ച സംഭവത്തില്‍ കേസെടുക്കാന്‍ വനംവകുപ്പ് വൈകുന്നതിന് കാരണം.