മൂന്നാർ: മൂന്നാറിൽ റവന്യു ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലമാറ്റം. മൂന്നാറിലെ കൈയേറ്റ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ സ്ക്വാഡിലെ നാല് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഒഴിപ്പിക്കൽ നടപടികളുടെ ചുമതലയുണ്ടായിരുന്ന അഡീഷണൽ തഹസിൽദാർ ഷൈജു ജേക്കബിനെ ഒരാഴ്ച മുന്പ് തൊടുപുഴയിലേക്കു സ്ഥലം മാറ്റിയിരുന്നു.
ആർഡിഒ ഓഫീസിലെ ഹെഡ് ക്ലർക്ക്, സർവേയർ എന്നിവരെയാണ് ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുന്നത്. കൈയേറ്റ ഭൂമികളുടെ പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഹെഡ് ക്ലർക്ക് ജി. ബാലചന്ദ്രപിള്ളയെ കാഞ്ചിയാർ വില്ലേജ് ഓഫിസറായാണ് നിയമിച്ചിരിക്കുന്നത്. ഭരണ പ്രതിപക്ഷ മുന്നണികളുടെ സമ്മർദ്ദത്തിന്റെ ഫലമാണ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റമെന്നാണ് വിവരം.
കൊട്ടക്കാന്പൂർ, പാപ്പാത്തിച്ചോല, ലവ് ഡെയ്ലൽ റിസോർട്ട് ഉൾപ്പെടെയുള്ള കൈയേറ്റങ്ങൾ കണ്ടെത്താൻ സഹായകമായത് ഈ ഉദ്യോഗസ്ഥരുടെ പ്രവർത്തനമാണ്.