അങ്ങനെ ഏറെ കൊട്ടിഘോഷിച്ച് പെമ്പിളൈ ഒരുമയുടെ ഗോമതി വിഭാഗം തുടങ്ങിയ സമരം താല്‍ക്കാലികമായി നിറുത്തിവച്ചു. ചില സാങ്കേതിക പ്രശ്നങ്ങള്‍ മാത്രമാണുള്ളതെന്നും അടുത്തമാസം പൂര്‍വാധികം ശക്തിയോടെ സമരം തുടരുമെന്നും ഗോമതി വ്യക്തമാക്കി. അതേസമയം എട്ടുനിലയില്‍ പൊട്ടിയതിനാലാണ് ഗോമതിയും കൂട്ടരും ഒളിച്ചോടുന്നതെന്നാണ് മൂന്നാറുകാര് പറയുന്നത്. മന്ത്രി മണി പെമ്പിളൈ ഒരുമയ്ക്കെതിരേ നടത്തിയ പ്രസ്താവനയായിരുന്നു സമരത്തിനു കാരണമായത്. പെമ്പിളൈ ഒരുമൈക്കാര്‍ക്ക് മറ്റു ചില പണികളായിരുന്നു ഉണ്ടായിരുന്നതെന്നായിരുന്നു മണിയുടെ പരാമര്‍ശം. വന്‍ മാധ്യമ ശ്രദ്ധയോടെ ആരംഭിച്ച സമരത്തിന്റെ തുടക്കത്തില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ബിജെപിയുമെല്ലാം പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് പാര്ട്ടിക്കാര് കൈവിട്ടു.
സര്‍ക്കാരില്‍ നിന്ന് ഇതുവരെയും ആരും തങ്ങളുമായി ചര്‍ച്ച നടത്തിയില്ലെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. സമരം നിര്‍ത്തിയിട്ടില്ലെന്നും ജൂണ്‍ ഒന്‍പതിന് സമരം വീണ്ടും ആരംഭിക്കുമെന്നും ഗോമതി വ്യക്തമാക്കി. എംഎം മണി രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്ക്കുന്നു. ഇപ്പോഴത്തെ സമരം ജൂണ്‍ ഒന്പതുമുതല് ഭൂസമരമാക്കി ശക്തിപ്പെടുത്തുമെന്നും ഗോമതി അഭിപ്രായപ്പെട്ടു. ഗോമതി, കൗസല്യ, രാജേശ്വരി എന്നീ നേതാക്കളാണ് സമരം നടത്തിവന്നിരുന്നത്. പെമ്പിളൈ ഒരുമൈ നേതാവ് ലിസി സണ്ണി ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുത്തതുമില്ല.
സമരം പരാജയത്തിലേക്ക് നീങ്ങിയ ഘട്ടത്തില്‍ തങ്ങള്‍ മണിയുടെ രാജി ആവശ്യപ്പെട്ടല്ല തങ്ങള്‍ സമരം ആരംഭിച്ചതെന്ന് വിശദീകരിച്ച് സമര നേതാവ് ഗോമതി രംഗത്തെത്തിയിരുന്നു. മണിക്കെതിരെ പ്രതിഷേധിക്കാനെത്തിയ തങ്ങള്‍ക്കെതിരെ മൂന്നാര്‍ സിഐ അതിക്രമം നടത്തിയെന്നും ഇതില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചതെന്നും അവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, പിന്തുണ നഷ്ടപ്പെട്ടതോടെ സമരം ലക്ഷ്യത്തിലെത്തില്ലെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. സമരത്തിന് പിന്തുണ നഷ്ടപ്പെട്ടതും സമരപ്പന്തല്‍ ശുഷ്കമായതും അടുത്തിടെ വാര്‍ത്തയായിരുന്നു. എന്തായാലും ഇനിയൊരു സമരത്തിന് ഗോമതിയും കൂട്ടരും ഉണ്ടാകില്ലെന്ന സൂചനയാണ് സമരക്കാര്‍ തന്നെ നല്‍കുന്നത്.