മൂന്നാർ: അവധി ആഘോഷങ്ങളുടെ ഭാഗമായി മൂന്നാറിലേക്ക് സഞ്ചാരികളുടെ വരവ് വർധിച്ചതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. മുൻവർഷങ്ങളിലേതിനു സമാനമായി ഇത്തവണയും മൂന്നാറിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
റോഡുകളുടെ ശോചനീയാവസ്ഥയും വീതികുറവുമാണ് ഗതാഗതകുരുക്കിനുള്ള പ്രധാന കാരണം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിർമാണജോലികളും അശാസ്ത്രീയ വാഹന പാർക്കിംഗും സഞ്ചാരികൾക്ക് വിനയാകുകയാണ്.
രാവിലേയും വൈകുന്നേരങ്ങളിലും റോഡുകളിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. കഴിഞ്ഞദിവസം മൂന്നാർ – മാട്ടുപ്പെട്ടി ടോപ് സ്റ്റേഷൻ റൂട്ടിൽ രണ്ടുമണിക്കൂറിലധികം വാഹനങ്ങൾ കുരുങ്ങി. കുരുക്കിൽപെടുന്ന സഞ്ചാരികൾ സന്ദർശനം പൂർത്തീകരിക്കാതെ മടങ്ങുന്നതും നിത്യകാഴ്ച്ചയാണ്.
ഓരോവർഷവും വിനോദ സഞ്ചാര സീസണ് ആരംഭിക്കുംമുന്പേ ഗതാഗത നിയന്ത്രണത്തിന് സംവിധാനമൊരുക്കുമെന്ന് അധികൃതർ അറിയിക്കുമെങ്കിലും വേണ്ട നടപടികൾ സ്വീകരിക്കാറില്ല. ഗതാഗതക്കുരുക്കുമൂലം ടോപ് സ്റ്റേഷനും രാജമലയുമടക്കം സന്ദർശിക്കാനകാതെ മടങ്ങേണ്ടിവരുന്നത് സഞ്ചാരികൾക്ക് നിരാശനൽകുന്നു.