മൂന്നാർ: നൂറ്റാണ്ടിനു മുന്പ് മൂന്നാറിലുണ്ടായ പ്രളയത്തിൽ തകർന്നടിഞ്ഞ തീവണ്ടി സർവീസിനു പുനർജീവൻ നൽകാനുള്ള ശ്രമങ്ങൾക്കു ചിറകു മുളയ്ക്കുന്നു. സ്വപ്നപദ്ധതി നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായുള്ള പരിശോധകൾ നടന്നു.
മുന്പ് ട്രെയിൻ ഓടിയിരുന്ന പാതകൾ കണ്ടെത്താനും അതിന്റെ സ്ഥാനങ്ങൾ നിർണയിക്കാനുമുള്ള പരിശോധനകളാണ് നടന്നത്. മൂന്നാർ, മാട്ടുപ്പെട്ടി, പാലാർ, കുണ്ടള എന്നീ സ്ഥലങ്ങളിലാണു പരിശോധന നടന്നത്. പ്രാഥമിക ഘട്ടത്തിലുള്ള പരിശോധനാ റിപ്പോർട്ട് റെയിൽവേയ്ക്കു കൈമാറും. റെയിൽവേയുടെ ഉന്നതതല സംഘവും വിദഗ്ധരും മൂന്നാറിലെത്തി പഠനം നടത്തിയ ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുന്നത്. എസ്. രാജേന്ദ്രൻ എംഎൽഎ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്സിൽ സെക്രട്ടറി ജെയിൻ പി. വിജയൻ, കെഡിഎച്ച്പി കന്പനി പ്രതിനിധികൾ എന്നിവരടങ്ങളുന്ന സംഘമാണു പരിശോധന നടത്തിയത്.
ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൊളുന്ത്, ഭക്ഷണവസ്തുക്കൾ, കെട്ടിടനിർമാണ സാമഗ്രികൾ എന്നിവ എത്തിക്കുന്നതിന് ഇംഗ്ലീഷുകാരുടെ നേതൃത്വത്തിലായിരുന്നു മൂന്നാറിൽ റെയിൽ സർവീസ് നടപ്പിൽ വരുത്തിയത്. ആദ്യം മോണോ റെയിലായും പിന്നീട് ആവി വണ്ടിയായും ഓടിയിരുന്ന ട്രെയിൻ സർവീസ് 1924-ലുണ്ടായ പ്രളയത്തിലാണു തകർന്നടിഞ്ഞത്.
പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം അഞ്ചു കിലോമീറ്റർ ദൈർഘ്യമുള്ള പാതയായിരിക്കും നിർമിക്കുക. പരീക്ഷണം വിജയിച്ചാൽ മൂന്നാറിലെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വീണ്ടും തീവണ്ടി കൂകിപ്പായും. ജില്ലാ ടൂറിസം വകുപ്പിന്റെ ആശയമാണ് മൂന്നാറിൽ വീണ്ടും ട്രെയിൻ എന്ന ആലോചനകൾക്കു തുടക്കംകുറിച്ചത്. ട്രെയിൻ ഓടുന്ന പാത ഇപ്പോൾ കെഡിഎച്ച്പി കന്പനിയുടെ കൈവശത്തിലാണുള്ളത്. ഈ പാത വിട്ടുകിട്ടാനായി കന്പനിയുമായി ചർച്ച നടത്തിയിട്ടുണ്ട്. നാൽപ്പതു കിലോമീറ്റർ ദൈർഘ്യമുണ്ടായിരുന്ന പഴയ റെയിൽവേ പാതയുടെ ചെലവും പദ്ധതിരേഖയും അടുത്ത ഘട്ടത്തിൽ കണക്കിലെടുക്കും.
ലോക പൈതൃകപദ്ധതിയിൽ ഇടംപിടിച്ചിട്ടുള്ള നാരോ ഗേജ് ആവി എൻജിൻ മാതൃകയിലായിരിക്കും നിർദിഷ്ട റെയിൽവേ സർവീസ്. മൂന്നാറിൽ ട്രെയിൻ എന്ന സ്വപ്നപദ്ധതി യാഥാർഥ്യമായാൽ ടൂറിസം വികസനത്തിൽ മൂന്നാർ ഉന്നതങ്ങളിലേക്കു കുതിക്കും.
ഈ മലമുകളിൽ ഇങ്ങനെയൊരു തീവണ്ടിയുണ്ടായിരുന്നു
മൂന്നാർ: ഇന്നത്തെ തലമുറയ്ക്കു മൂന്നാറിൽ ഓടിയിരുന്ന തീവണ്ടി അദ്ഭുതമാണ്. പച്ചപ്പുൽമേടുകളും വനങ്ങളും തേയിലയുടെ പച്ചപ്പിലേക്കു മാറിത്തുടങ്ങിയ കാലത്തായിരുന്നു ബ്രിട്ടീഷുകാരുടെ നിർമാണവൈഭവംകൊണ്ട് മൂന്നാറിൽ റെയിൽവേ യാഥാർഥ്യമാക്കിയത്.
സമുദ്രനിരപ്പിൽനിന്ന് ആറായിരം മുതൽ എണ്ണായിരം അടി വരെ ഉയരത്തിൽ ദുർഘട പ്രദേശങ്ങൾ നിറഞ്ഞ മൂന്നാറിലൂടെയുള്ള റെയിൽവേ പാത ഇന്നും അദ്ഭുതമാണ്.
പഴയ റെയിൽവേയുടെ അവശേഷിപ്പുകളായി കാലം അധികമൊന്നും കരുതിവച്ചിട്ടില്ലെങ്കിലും അപൂർവമായ ചില ചരിത്ര വസ്തുതകൾ ഇന്നും അവശേഷിക്കുന്നുണ്ട്.
റെയിൽ സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് കെഡിഎച്ച്പി കന്പനിയുടെ റീജണൽ ഓഫീസ് ഇന്നു പ്രവർത്തിക്കുന്നത്. പഴയ തീവണ്ടിയുടെ ചക്രം മൂന്നാറിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
അവസാന സ്റ്റേഷനായ ടോപ്പ് സ്റ്റേഷനിലെ റെയിൽവേ പ്ലാറ്റ്ഫോം ഇന്നും നശിക്കാതെ നിലനിൽക്കുന്നുണ്ട്. ഇവിടെനിന്നുമാണ് ട്രെയിൻവഴി എത്തിക്കുന്ന ചരക്കുകൾ തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തേക്കും അവിടെനിന്ന് ഇംഗ്ലണ്ടിലേക്കും കൊണ്ടുപോയിരുന്നത്.1909 മുതൽ മൂന്നാർ പ്രളയത്തിൽ മുങ്ങിയ 1924 വരെ ഈ റെയിൽവേ ഉണ്ടായിരുന്നു. കുണ്ടള വാലി റെയിൽവേ എന്നായിരുന്നു പേര്.