മൂന്നാർ: ട്രക്കിംഗ് നടത്തുന്നതിനിടെ വനമേഖലയിൽനിന്നും കരിന്പുലിയുടെ ഫോട്ടോ പകർത്തിയ ടൂറിസ്റ്റ് ഗൈഡിനെതിരേ വനംവകുപ്പ് കേസെടുത്തു. ടൂറിസ്റ്റ് ഗൈഡ് അൻപുരാജിനെതിരേയാണ് കേസ്. സംരക്ഷിത വനമേഖലയിൽ അതിക്രമിച്ചു കയറിയതിന് കേസ് എടുത്തത്. കഴിഞ്ഞ ദിവസം ജർമൻ സ്വദേശികളുമായി ട്രക്കിംഗ് നടത്തുന്നതിനിടയിലാണ് അൻപുരാജ് കരിന്പുലിയെ കണ്ടതും അതിന്റെ ചിത്രം പകർത്തിയതും.
സെവൻമല എസ്റ്റേറ്റിലെ ലക്ഷ്മി ഹിൽസിൽനിന്നുമാണ് കരിന്പുലിയുടെ ചിത്രം പകർത്തിയത്. കരിന്പുലിയുടെ ചിത്രം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് വനം വകുപ്പ് ഹൈറേഞ്ച് സർക്കിൾ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് സി. ആർ. അരുണ്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ നിർദേശിച്ചത്. കരിന്പുലിയെ കണ്ടെത്തിയതോടെ ഈ മേഖലയിലേക്കുള്ള ട്രക്കിംഗിന് താത്കാലിക നിരോധനം ഏർപ്പെടുത്തി.