മൂന്നാർ: മൂന്നാർ സന്ദർശനത്തിനെത്തിയ വിദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വ്യാപാരസ്ഥാപനങ്ങൾ പലതും അടച്ചിട്ടു. തമിഴ്നാടടക്കമുള്ള അന്തർസംസ്ഥാന പാതകളിൽ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു.
ഞായറാഴ്ചയാണ് മൂന്നാറിലെത്തിയ ബ്രിട്ടീഷ് പൗരന് കോവിഡ് സ്ഥിരീകരിച്ചത്. വിദേശികളടക്കമുള്ളവരെ റിസോർട്ടുകളിൽ താമസിപ്പിക്കരുതെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കച്ചവടസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചുണ്ട്.
ജനങ്ങളിൽ ആശങ്ക പടരാതിരിക്കുന്നതിനാണ് ഇത്തരം നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്.
എന്നാൽ രാവിലെ ചില കടകൾ തുറക്കുന്നതിന് വ്യാപാരികൾ തയാറായില്ല. തുറന്ന കച്ചവട സ്ഥാപനങ്ങളിൽ ആരുംതന്നെ എത്തിയില്ല. നിലവിലെ സാഹചര്യത്തിൽ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് പൂട്ടിയിടേണ്ടിവരുമെന്ന് വ്യാപാരികൾ പറയുന്നു. വാഹനങ്ങളിൽ യാത്രക്കാർ നാമമാത്രമാണ്.
തമിഴ്നാട് സർക്കാർ ബസുകളിൽ രാവിലെ യാത്രക്കാർ ആരുംതന്നെ ഉണ്ടായിരുന്നില്ല. വിദേശികൾ താമസിച്ച ഹോട്ടലിനു സമീപത്തെ ഇക്കാനഗറിൽ മുഴുവൻ കച്ചവട സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.
ജാഗ്രതയ്ക്ക് ഒഴിവില്ല
മൂന്നാർ: മൂന്നാറിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടുത്ത നിയന്ത്രണം. മൂന്നാറിൽ കൊറോണ ബാധിതൻ താമസിച്ച ടീ കൗണ്ടി റിസോർട്ടിലെ ജീവനക്കാരും ഇവരുടെ കുടുംബാംഗങ്ങളുമടക്കം 119 പേർ നിരീക്ഷണത്തിലാണ്.
പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാംതന്നെ അടച്ചിട്ടു. നിരീക്ഷണത്തിലുള്ള സഞ്ചാരികൾ പുറത്തിറങ്ങിയാൽ നടപടി ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വിദേശ വിനോദ സഞ്ചാരികൾക്ക് പൂർണമായ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
മൂന്നാർ നിശ്ചലാവസ്ഥയിലാണ്. ഇവിടെ എമർജൻസി കൊറോണ ഹെൽപ് സെന്റർ ആരംഭിച്ചു. അടിമാലി, ആനച്ചാൽ, മൂന്നാർ എന്നിവിടങ്ങളിൽ ചെക്കിംഗ് സെന്ററുകൾ തുറക്കും.
പ്രത്യേക മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനവും ഉൗർജിതമാക്കിയതായി ദേവികുളം സബ് കളക്ടർ പ്രേംകൃഷ്ണൻ പറഞ്ഞു.
മന്ത്രി എം.എം. മണി, ജില്ലാകളക്ടർ എച്ച്. ദിനേശൻ, സബ് കളക്ടർ പ്രേംകൃഷ്ണൻ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.